കേരളകൗമുദി വിശ്വസ്‌തതയുടെ ശബ്‌ദം: അമിത് ഷാ
തിരുവനന്തപുരം: രാജ്യത്തെ മാദ്ധ്യമരംഗത്ത് വിശ്വസ്തതയുടെ ശബ്ദമാണ് കേരളകൗമുദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. ദശാബ്ദങ്ങളായി കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും സംസ്കാരവും ശബ്ദവും കേരളകൗമുദി പ്രതിഫലിപ്പിക്കുന്നു. ജനങ്ങളുടെ ആത്മാവിന്റെ ശബ്ദമായി കേരളകൗമുദി മാറി. ഹോട്ടൽ ലെമൺട്രീയിൽ കേരളകൗമുദി സംഘടിപ്പിച്ച 'പുതിയ ഭാരതം, പുതിയ കേരളം" കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളകൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത ഭാരതം" സങ്കല്പത്തിൽ അധിഷ്ഠിതമായ 'പുതിയ ഭാരതം, പുതിയ കേരളം" സംവാദം സംഘടിപ്പിച്ചതിന് കേരളകൗമുദിക്ക് ഹൃദയപൂർവം നന്ദി പറയുന്നു. വികസനം കേരളത്തിന്റെ ആവശ്യമാണ്. ഓരോ പൗരന്റെയും പങ്കാളിത്തത്തോടെയും എല്ലാമേഖലകളും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസന മാതൃകയാണ് കേരളത്തിന് വേണ്ടത്. മതമോ വിഭാഗമോ പരിഗണിക്കാതെ എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം. വികസിത കേരളത്തിനൊപ്പം സുരക്ഷിത കേരളവുമുണ്ടാവണം.
എൻ.ഡി.എയ്ക്ക് ഒരുതവണ ഭരിക്കാൻ അവസരം നൽകിയാൽ അഴിമതിയില്ലാത്ത ഭരണം കേരളത്തിൽ നടപ്പാക്കും. വിവേചനമില്ലാതെ എല്ലാവർക്കും സേവനം ലഭ്യമാക്കും. വോട്ടുബാങ്ക് രാഷ്ട്രീയം പരിഗണിക്കാതെ വികസനം നടപ്പാക്കും. 2004 മുതൽ 2014വരെ യു.പി.എ ഭരണകാലത്ത് 72,000 കോടി രൂപയാണ് കേരളത്തിന് ലഭിച്ചതെങ്കിൽ 2014 മുതൽ 2025 വരെ 3.23 ലക്ഷം കോടിയാണ് കേന്ദ്രം നൽകിയത്. പിണറായി ഭരിക്കുന്ന കേരളത്തിനാണ് ഇത്രയും പണം നൽകിയത്. ആലപ്പുഴ, കൊച്ചി, കണ്ണൂർ, കൊല്ലം, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾ അമൃത്‌ഭാരത് പദ്ധതിയിൽ വികസിപ്പിച്ചു.
തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ സമാർട്ട്സിറ്റി മിഷനിലുൾപ്പെടുത്തി. എന്നിട്ടും മോദി കേരളത്തെ അവഗണിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് നടത്തുന്നത്. കേരളത്തോട് അവഗണന കാട്ടുന്നത് പിണറായി സർക്കാരാണ്. മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിന് തയ്യാറാണെന്നും അമിത്‌ഷാ പറഞ്ഞു.
ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കാർത്തികേയൻ ആമുഖ അവതരണം നടത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, എസ്.സുരേഷ്, കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആർ.നടരാജൻ (എം.ഡി, കണ്ണൻ ഹാൻഡ്‌ലൂംസ്), വിഷ്‌ണുഭക്തൻ (എം.ഡി, ന്യൂ രാജസ്ഥാൻ മാർബിൾസ്), ഡോ. വി.സുനിൽകുമാർ (എം.ഡി, സഫയർ എൻട്രൻസ് കോച്ചിംഗ്), ഡോ. അമൽ ശങ്കർ.പി (ഡയറക്ടർ ഒമേഗാ ജുവലേഴ്സ്), റോയി ക്രിസ്റ്റി (എം.ഡി, റിനെർജി സിസ്റ്റംസ്) എന്നിവർക്ക് കേരളകൗമുദി എക്സലൻസ് പുരസ്കാരം അമിത്‌ഷാ വിതരണം ചെയ്‌തു.
മഹാസഖ്യം അഴിമതിക്കാരെ സംരക്ഷിക്കുന്നു
അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ ഇടത്, വലത് മുന്നണികൾ സഖ്യത്തിലാണെന്ന് അമിത്ഷാ പറഞ്ഞു. സഹകരണ ബാങ്കുകളിലെ 343കോടിയാണ് കൊള്ളയടിച്ചത്. ഇതിൽ കാര്യമായ അന്വേഷണമില്ല. എ.ഐ ക്യാമറ അഴിമതി, ലൈഫ് മിഷൻ അഴിമതി, പിപിഇ കിറ്റ് അഴിമതി ഇതിലൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. യു.ഡി.എഫ് കാലത്തെ സോളാർ അടക്കമുള്ള അഴിമതികളിലൊന്നും അന്വേഷണമില്ല.