കുഷ്ഠം തുരത്താൻ 'അശ്വമേധം', വീടുകളിലെത്തി പരിശോധന

Monday 12 January 2026 12:43 AM IST

ജനുവരി 20 വരെ തീവ്ര യത്നം

കൊല്ലം: ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 'അശ്വമേധം' ഭവന സന്ദർശനത്തിന് തുടക്കമായി. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ വൈകല്യങ്ങൾ തടയുകയാണ് 20 വരെ നീണ്ടുനിൽക്കുന്ന തീവ്രയത്ന പരിപാടിയുടെ ലക്ഷ്യം. ആറര ലക്ഷത്തിൽപ്പരം വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി പരിശോധന നടത്തും. തമിഴ്നാട്ടിൽ കുഷ്ഠരോഗികളുടെ എണ്ണം കൂടുതലായതി​നാൽ തമിഴ്നാടുമായി ബന്ധപ്പെടുന്നവരിലും മറ്റും ബോധവത്കരണവും നടത്തും.

5 വയസുള്ള കുട്ടിയുൾപ്പെടെ 16 പേരാണ് ജില്ലയിൽ നിലവിൽ കുഷ്ഠരോഗത്തിന് ചികിത്സയിലുള്ളത്. തിരിച്ചറിയപ്പെടാതെ പോകുന്ന കേസുകൾ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിലൂടെ രോഗവ്യാപനം പൂർണമായും തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. അജ്ഞത മൂലമോ ഭയം മൂലമോ രോഗ ലക്ഷണങ്ങൾ ഒളിച്ചുവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് അശ്വമേധം ആരംഭി​ച്ചത്. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

.............................

ആശ പ്രവർത്തകരും വോളണ്ടിയർമാരും രംഗത്ത്

 ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ വിവരം രഹസ്യമായി സൂക്ഷിക്കും, വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും

 സ്കൂളുകൾ വഴി കുട്ടികൾക്കിടയിലും വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും

 തൊലിപ്പുറത്ത് കാണുന്ന സ്പർശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, ബലക്കുറവ്, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം

 തുമ്മൽ, ചുമ എന്നിവയിലൂടെ രോഗം പകരാം. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 5 മുതൽ 7 വർഷം വരെയെടുക്കും രോഗലക്ഷണങ്ങൾ കാണാൻ

 തുടക്കത്തിലേ കണ്ടെത്തിയാൽ സൗജന്യ ചികിത്സയിലൂടെ അംഗവൈകല്യം തടയാം

 എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ സൗജന്യമാണ്

 ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം, പകരുന്നത് വായുവിലൂടെ

വീടുകളിലെത്തുന്ന ആരോഗ്യ പ്രവർത്തകരോട് കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണം. പരിശീലനം ലഭിച്ചവരാണ് വരുന്നത്. രോഗ ലക്ഷണങ്ങൾ വ്യക്തമായി പറയണം

ആരോഗ്യ വകുപ്പ് അധികൃതർ