മത്തിയും അയലും കിട്ടാനില്ല, കാരണം കടലിലെ ഈ പ്രതിഭാസമെന്ന് മത്സ്യത്തൊഴിലാളികൾ
കോഴിക്കോട്: മീനുംകൂട്ടി ചോറുണ്ണണമെങ്കിൽ ഇനി ചില്ലറക്കാശ് മതിയാവില്ല . മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീൻ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകൾക്ക് 50 മുതൽ 100 രൂപ വരെയായി വില. മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 150-200 മുതൽ നൽകണം. (ഹാർബറുകളിലെ വില). ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. നല്ല മത്തിക്ക് 200ൽ നിന്ന് 350 -400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിൽ ഇന്നലെ വിറ്രു പോയത് 300-350 രൂപയ്ക്കാണ്. നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീൻ തുടങ്ങിയവയുടെ വിലയും ഉയർന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീൻ വില തോന്നുംപോലെയാണ്.
മത്സ്യത്തൊഴിലാളികൾക്ക് കഷ്ടകാലം
മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയായി. കടലിൽ മത്സ്യം കുറഞ്ഞതിനാൽ ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങി. ജില്ലയിലെ പ്രധാന ഹാർബറുകളായ ബേപ്പൂർ, പുതിയാപ്പ തുടങ്ങിയ ഇടങ്ങളിലെല്ലാം കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ചെറിയ വള്ളങ്ങൾ പോലും കടലിൽ പോയാൽ ഇന്ധനവും കൂലിയും അടക്കം 35,000 രൂപയോളം ചെലവ് വരുന്നുണ്ട്. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയുമടക്കം താങ്ങാനാകാതെ ബോട്ടുടമകളും പ്രയാസത്തിലാണ്.
മീൻ.......................വില (കിലോ)...... മുൻപ്
ചെറിയ മത്തി.... 150- 200 .................100
അയക്കൂറ.............900- 1000............... 1000താഴെ
അയല.....................300- 350...................250
മാന്തൾ....................300- 320..................200-250
ചൂത..........................250........................150
കോലാൻ മീൻ............400.........................300
ചെറിയ ചെമ്മീൻ................250.........200