ആഢ്യൻപാറയിൽ വെള്ളമില്ല; ഡാമിലേക്ക് മുഴുവൻ ശേഖരിച്ചകെ.എസ്. ഇ. ബി
നിലമ്പൂർ: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വെള്ളമില്ല. എപ്പോഴെങ്കിലും കെ.എസ്.ഇ.ബി. കനിഞ്ഞാൽ വെള്ളം ലഭിക്കും. പകൽ മുഴുവനും വെള്ളം ഇല്ലാത്തതിനാൽ വെള്ളച്ചാട്ടം ആസ്വദിക്കാൻ വരുന്ന വിനോദസഞ്ചാരികൾ നിരാശരായി തിരിച്ചു പോകുന്ന കാഴ്ചയാണ്. ആഢ്യൻപാറയിൽ വരുന്ന വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി ഉപജീവനം നടത്തുന്ന കുടുംബശ്രീ കച്ചവടക്കാരും. കെ.എസ്. ഇ. ബി.യുടെ അനാസ്ഥ മൂലം ദുരിതത്തിലാണ്. ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള മായംപള്ളിയിലാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. പന്തീരായിരം വന മേഖലയുടെ അതിർത്തി പങ്കിട്ട് കിലോമീറ്ററുകളോളം ഒഴുകി ചാലിയാറിൽ ചേരുന്ന പുഴയാണ് കാഞ്ഞിരപ്പുഴ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ആഢ്യൻപാറ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയവ കാഞ്ഞിരപ്പുഴയുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആഢ്യൻ പാറ ജലവൈദ്യുതി നിലയത്തിനോട് ചേർന്ന് വിവിധ സ്ഥാപനങ്ങൾ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്തു ശേഖരിക്കുന്നതായി പരാതിയുണ്ട്. വൈദ്യുത കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കാൻ കാഞ്ഞിരപ്പുഴയുടെ ഒരു ഭാഗം തിരിച്ച് ഡാം വഴിയാണ് വെള്ളം ശേഖരിക്കുന്നത്.വ്യവസ്ഥ ലംഘിച്ച് കൂടുതൽ വെള്ളം സംഭരിച്ചത് പുഴയിലെ ജലനിരപ്പിനെ പ്രതികൂലമായി ബാദ്ധിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.