കാടുമൂടി സ്‌കൂൾ വളപ്പിലെ പഞ്ചായത്ത് കെട്ടിടം.
കാളികാവ്: സ്‌കൂൾ വളപ്പിൽ നിർമ്മിച്ച പഞ്ചായത്ത് കെട്ടിടം ഒന്നിനും ഉപയോഗിക്കാൻ കഴിയാതെ പഞ്ചായത്ത് അധികൃതർ. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി പോലും ചോദിക്കാതെ അടക്കാക്കുണ്ട് പാറശ്ശേരി ഗവ:എൽ പി സ്‌കൂൾ വളപ്പിൽ നിർമ്മിച്ച കെട്ടിടമാണ് കാട് മൂടി പട്ടികളുടെ കേന്ദ്രമായി കിടക്കുന്നത്.
2017-18 വർഷത്തിൽ 10 ലക്ഷം ചെലവഴിച്ച് വയോജന പകൽവീടിനു വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കിയിട്ടുമില്ല. അതിനിടെ അടക്കാകുണ്ടിലെ പഴയ ഹെൽത്ത് സെന്റർ കെട്ടിടം ബലക്ഷയം നേരിട്ടതോടെ സെന്ററിന്റെ പ്രവർത്തനം താത്ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
അപ്പോഴാണ് പകൽവീടിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്.
തുടർന്ന് കെട്ടിടത്തിന് മഞ്ഞ പെയിന്റടിച്ച് ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്ന് ബോർഡെഴുതുകയും ചെയ്തു .പഴയ ഹെൽത്ത് സെന്ററിലെ എല്ലാ വസ്തുക്കളും ഇതിലേക്ക് മാറ്റുകയും ചെയ്തു. അപ്പോഴാണ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ എതിർപ്പുമായി രംഗത്ത് വന്നത്.
സ്‌കൂൾ വളപ്പിൽ മറ്റു യാതൊരു വിധ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തീർത്തു പറഞ്ഞു.ഹൈക്കോടതിയുടെ ഉത്തരവാണ് താൻ പാലിച്ചതെന്ന് ഹെഡ് മാസ്റ്റർ പറയുന്നു.
അന്നുമുതൽ അടച്ചിട്ട കെട്ടിടം പിന്നെ തുറന്നിട്ടില്ല. സംസ്ഥാനത്തെ എല്ലാ എൽ.പി സ്‌കൂളുകളുടെയും ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും ഇതനുസരിച്ചാണ് പഞ്ചായത്ത് പ്രവർത്തിച്ചതെന്നുമാണ് അവരുടെ വാദം.
ഏതായാലും ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ കാടുമൂടിക്കിടക്കുകയാണ് കെട്ടിടം. അതേ സമയം ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നാഷണൽ ഹെൽത്ത് മിഷന്റെ 55 ലക്ഷം രൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.