പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം
മലപ്പുറം: ജില്ലയിലെ പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) റോബോട്ടിക്സ് പരിശീലനം സംഘടിപ്പിക്കും. ജനുവരി 15നകം എല്ലാ സ്‌കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും.
പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം.
രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ചും മറ്റും കുട്ടികൾക്ക് അവബോധം നൽകും.
രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്.
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.