പുതിയ തൂതപ്പാലത്തിന്റെ നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിൽ ജനുവരി അവസാനത്തോടെ പൂർത്തിയായേക്കും
പെരിന്തൽമണ്ണ: പാലക്കാട്,മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴക്ക് കുറുകെയുള്ള പുതിയ പാലം പ്രവൃത്തി അന്തിമഘട്ടത്തിൽ. മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണം. തൂത പുഴയ്ക്ക് കുറുകെ വീതിയുള്ള പാലം വേണമെന്നുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ സഫലമാകുന്നത്. നിലവിലെ തൂതപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളുടെ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങി. നിലവിലെ പാലത്തിന് വലിയ വാഹനങ്ങൾക്ക് എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വശംകൊടുക്കുവാൻ വീതിയില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. നാലുവരിപ്പാത പ്രയോജനപ്പെടുത്തണമെങ്കിൽ പുതിയ പാലം നിർമിക്കണമെന്നതിനാലാണ് സമാന്തരമായി പുതിയ പാലം പണിയുന്നത്. 2025 ഫെബ്രുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. ശക്തമായ മഴയിൽ പുഴയിൽ വെള്ളം കൂടിയതോടെ ജൂലായ് 25 ന് നിർമ്മാണം താത്ക്കാലികമായി നിറുത്തിവച്ചു. പിന്നീട് വെള്ളം കുറഞ്ഞതോടെ ഡിസംബറിലാണ് നിർമ്മാണം പുന:രാരംഭിച്ചത്.
മാർച്ചിൽ തുറന്നുകൊടുക്കും പുതിയ പാലത്തിന് 12 മീറ്റർ വീതിയും നൂറ് മീറ്ററിലധികം നീളവുമുണ്ടാകും. ഒരു വശത്ത് നടപ്പാതയുമുണ്ടാകും. ആറ് തൂണുകളിൽ വലിയ ഗർഡറുകൾകൊണ്ട് ബന്ധിച്ചാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ 18 വലിയ ഗർഡറുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പാലം നിർമ്മാണം നടക്കുന്ന സ്ഥലത്തിനടുത്ത് ചെർപ്പുളശേരി പാതയോരത്താണ് ഇവ കോൺക്രീറ്റ് ചെയ്ത് വച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ഇവ പാലത്തിന്റെ തൂണുകളിൽ ഉറപ്പിക്കുന്ന പ്രവൃത്തി തുടങ്ങും. ജനുവരി അവസാനത്തോടെ പാലം നിർമ്മാണം പൂർത്തിയാകും. മാർച്ച് മാസത്തിൽ വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തതിനുശേഷം നിലവിലെ പാലത്തിന്റെ ഉപരിതലം ടാർ ചെയ്ത് രണ്ടുവരി ഗതാഗതത്തിന് തുറന്നുകൊടുക്കും.