കെ എസ് ആർ ടി സിയുടെ പുതിയ പരിഷ്കാരവും ഹിറ്റ്, വരുമാനം കോടികൾ
ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം യാത്രകൾ ഹിറ്റായതിന് പിന്നാലെ, അന്തർ സംസ്ഥാന യാത്രകളും സൂപ്പർ ഹിറ്റ്. തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ, മേഘമല, രാമേശ്വരം. കന്യാകുമാരി തുടങ്ങിയ ടൂറിസം സ്പോട്ടുകളാണ് പുതുവർഷത്തിൽ ബഡ‌്ജറ്റ് ടൂറിസത്തിന്റെ റൂട്ട് മാപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. സാധാരണ ബസുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിറത്തിലുള്ള ബസുകൾ ടൂറിനായി നിരത്തിലിറക്കിയത് യാത്രക്കാരെ കൂടുതൽ ഉഷാറാക്കി. 2025ൽ ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി മാത്രം 43 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം. 2024ലെ 23 കോടി എന്ന് വരുമാനത്തെയാണ് ഒരു വർഷം കൊണ്ട് ഡബിളാക്കിയത്. കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര എന്നതാണ് പ്രായഭേദമന്യേ കെ.എസ്.ആർ.ടി.സിയുടെ ബി.ടി.സി യാത്രകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് മൂന്നാറും മലക്കപ്പാറയും കാണാനാണ് കൂടുതൽ സഞ്ചാരികൾ കെ.എസ്.ആർ.ടി.സി തിരഞ്ഞെടുത്തത്. കുടുംബമായും, കൂട്ടുകാർ സംഘങ്ങളായും യാത്രയുടെ ഭാഗമായി. ഡ്രൈവറും കണ്ടക്ടറുമടങ്ങുന്ന ജീവനക്കാർ സ്ഥലങ്ങളെ കുറിച്ച് വിശദീകരിച്ചും, യാത്രക്കാർക്കൊപ്പം ആടിയും പാടിയും ഒത്തിണങ്ങി പോകുന്നത് യാത്രകളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുന്നുണ്ട്. 2021 മുതലാണ് ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം യാത്രകൾ വിപുലമാക്കിയത്.
2025ലെ വരുമാനം:
43 കോടി രൂപ
ഹിറ്റ് യാത്രകൾ
മൂന്നാർ, മലക്കപ്പാറ, പൊന്മുടി, ഗവി, വാഗമൺ, ചതുരംഗപ്പാറ, ഇല്ലിക്കൽ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ആതിരപ്പള്ളി, വയനാട്, സൈലന്റ് വാലി, രാമക്കൽമേട്
പുത്തൻ ട്രിപ്പുകൾ
ഊട്ടി, കൊടൈക്കനാൽ, മേഘമല, രാമേശ്വരം, കന്യാകുമാരി
ഈ വർഷം കൂടുതൽ വിനോദസഞ്ചാര യാത്രകളും തീർത്ഥയാത്രകളും നടത്താനുള്ള ശ്രമത്തിലാണ്. മികച്ച വരുമാനം ലഭിക്കുന്നത് ആത്മവിശ്വാസം പകരുന്നു
- ഷെഫീക് ഇബ്രാഹിം, ജില്ലാ കോർഡിനേറ്റർ, ബി.ടി.സി ആലപ്പുഴ