സന്തോഷ് ട്രോഫിലക്ഷ്യമിട്ട് കേരളം വയനാട്ടിൽ പരിശീലനം തുടങ്ങി 

Monday 12 January 2026 5:27 AM IST

കൽപ്പറ്റ: സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളാ ടീം വയനാട് കൽപ്പറ്റ മരവയൽ എം.കെ ജനിചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. മുഖ്യ പരിശീലകൻ വയനാട് സ്വദേശി ഷഫീഖ് ഹസ്സന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിൽ 22 താരങ്ങളാണുള്ളത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പിന്‌ ശേഷമാണ് ടീം വയനാട്ടിൽ എത്തിയത്. ഫൈനൽ റൗണ്ടിനുള്ള 20 അംഗ കേരള ടീമിനെ 15ന് കൊച്ചിയിൽ പ്രഖ്യാപിക്കും.

നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബുമായി 22നാണ് കേരളത്തിന്റെ ആദ്യ മത്സരം. 19ന് കൊച്ചിയിൽ നിന്നും ടീം പുറപ്പെടും. ഷഫീഖ് ഹസന്റെ നേതൃത്വത്തിൽ ആയിരുന്നു ദേശീയ ഗെയിംസിൽ 28 വർഷങ്ങൾക്കുശേഷം കേരളാ ഫുട്‌ബോൾ ടീം സ്വർണം നേടിയത്. മുൻ സന്തോഷ് ട്രോഫി താരം എബിന്റോസാണ് സഹപരിശീലകൻ. കേരളത്തിലേക്ക് ഇത്തവണ കിരീടം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ പരിശീലകൻ ഷഫീഖ് ഹസ്സൻ പറഞ്ഞു.

2023 ൽ മലപ്പുറത്ത് നടന്ന ടൂർണമെന്റിലാണ്‌ കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ മരവയൽ സ്റ്റേഡിയത്തിൽ ടീമിന് സ്വീകരണം നൽകി.