പൊന്നായി പെൺപട

Monday 12 January 2026 5:32 AM IST

വാരണാസി: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. വാരണാസി വേദിയായ ടൂർണമെന്റിന്റെ ഫൈനലിൽ കരുത്തരായ റെയിൽവേസിനെ കീഴടക്കിയാണ് തുടർച്ചയായ മൂന്നാം തവണയും കേരളാ വനിതകൾ ദേശീയ കിരീടത്തിൽ മുത്തമിട്ടത്.അവസാനം നടന്ന 7 ചാമ്പ്യൻഷിപ്പിൽ ആറിലും കേരളാ വനിതകളായിരുന്നു ചാമ്പ്യൻമാർ. ആകെ കണക്കിൽ കേരളാ വനിതാ ടീമിന്റെ പതിനാറാം ദേശീയ കിരടീമാണിത്.

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ റെയിൽവേസ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ക്യാപ്‌ടൻ കെ.പി അനുശ്രീയയുടെ നേതൃത്വത്തിലുള്ള കേരളാ ടീം കിരീടത്തിലേക്കെത്തിയത്. സ്കോർ: 22-25,25-20,25-15,22-25,15-8. സെമിയിൽ കരുത്തരായ ഹരിയാനയെ വീഴ്‌ത്തിയാണ് കേരള വനിതകൾ ഫൈനലിലെത്തിയത്.

ടീം: കെ പി അനുശ്രീ (ക്യാപ്‌ടൻ), വി.നന്ദന, ബിനീഷ അലിൻ സിബി, അന്ന മാത്യു, കെ അമിത, കെ ആര്യ, കെ അഭിരാമി, അനഘ രാധാകൃഷ്‌ണൻ, എസ്‌ ആര്യ, ആൻ വി ജേക്കബ്‌, എ.ആർ ഭൂമിക, എയ്‌ഞ്ചൽ തോമസ്‌, കെ.ആർ രശ്‌മിത. ശിവപ്രിയ ഗോവിന്ദ്‌. ഡോ. സി എസ്‌ സദാനന്ദൻ(മുഖ്യ പരിശീലകൻ). പി ശിവകുമാർ, അശ്വനി എസ്‌ കുമാർ (സഹ പരിശീലകർ). എം പി ഹരിദാസ്(മാനേജർ).

പുരുഷ ടീം റണ്ണറപ്പ്

അതേസമയം പുരുഷ വിഭാഗം ഫൈനലിൽ കേരളം ഇന്ത്യൻ റെയിൽവേസിനോട് തോറ്റു. റെയിൽവേസിന്റെ ആധിപത്യം കണ്ട ഫൈനലിൽ മൂന്ന് സെറ്റുകൾക്കുള്ലിൽ കേരളം തോൽവി സമ്മതിച്ചു. സ്കോർ: 25-19,​25-18,​25-19.രോഹിത് കുമാർ,​അൻഗമുത്തു,​മലയാളി താരങ്ങളായ ജോർജ് ആന്റണി. എമിൽ ടോളി ജോസഫ് എന്നിവരാണ് റെയൽഇവേസിന്റെ വിജയശില്പികൾ..