കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബിക്കി (27), കൊടുവള്ളി വാവാട് ഇരുമോത്ത് മണ്ടാട്ട് ഹൗസിൽ നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച വയനാട് മരക്കത്തൊടി പൊഴുതന ഷമീർ (33) എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.