യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെ? രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക.
പരാതിക്കാരി ലൈംഗികഅതിക്രമം നേരിട്ട ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുലിനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടത്തേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയിൽ അന്തിമഉത്തരവ് അറിഞ്ഞതിന് ശേഷം വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകർ തീരുമാനിച്ചിരിക്കുന്നത്. കേസിൽ രാഹുലിനെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലടച്ചു.
വിവാഹിതയായ കോട്ടയം സ്വദേശിയായ 31കാരി കാനഡയിൽ നിന്ന് ഇമെയിലിലൂടെ ജനുവരി അഞ്ചിനാണ് പരാതി നൽകിയത്. ഇക്കാര്യം രഹസ്യമാക്കിവച്ചായിരുന്നു പൊലീസ് ആക്ഷൻ. പാലക്കാട്ടെ കെ.പി.എം റീജൻസി ഹോട്ടലിലെ 2002ാം മുറിയിൽ ഞായറാഴ്ച പുലർച്ചെ 12.30ന് വന്ന് മുട്ടിവിളിക്കുന്നതുവരെ പൊലീസ് സംഘത്തിലുള്ളവർക്കുപോലും വ്യക്തമായ സൂചന നൽകിയിരുന്നില്ല.
കസ്റ്റഡിയിലെടുക്കാൻ നിയോഗിച്ച ഷൊർണൂർ ഡിവൈ. എസ്.പി എൻ.മുരളീധരന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡി.ഐ.ജി പൂങ്കുഴലി നേരിട്ട് നിർദേശങ്ങൾ നൽകികൊണ്ടിരുന്നു. മുറിയിൽ പ്രവേശിച്ച പൊലീസിന് രാഹുൽ വഴങ്ങിയില്ല. അഭിഭാഷകനെയോ, അനുയായികളെയോ ബന്ധപ്പെടാൻ പൊലീസ് അനുവദിച്ചില്ല. രാഹുലുമായി തൃശൂർ നഗരം പിന്നിട്ടശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്.