'ഒന്നിനെയും ഭയപ്പെടുന്നില്ല, നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും'; പരാതിക്കാരിയെ ഭീഷണിപ്പെടുത്തി രാഹുൽ
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസവും രാഹുലിന്റെയും പരാതിക്കാരിയുടെയും ചാറ്റുകൾ പുറത്തുവന്നിരുന്നു.
കുറ്റസമ്മതം നടത്താനാണ് തന്റെ തീരുമാനം. അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുലിന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. താൻ ഇപ്പോൾ എല്ലാത്തിന്റെയും അങ്ങേയറ്റത്താണ്, ഇനി ഒന്നിനെയും ഭയപ്പെടുന്നില്ല. ഒരു മാസത്തിന് മുൻപായിരുന്നു ഈ നീക്കങ്ങളെങ്കിൽ താൻ ഒരുപക്ഷേ പരിഗണിച്ചേനെ എന്നും, എന്നാൽ ഇപ്പോൾ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു.
'ഇമേജ് തിരിച്ചുപിടിക്കാനല്ല താൻ ശ്രമിക്കുന്നത്. ഒരു കാരണവശാലും ഇനി ആർക്കും മുന്നിൽ സറണ്ടർ ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താൻ. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. ഞാൻ ചെയ്യുന്നത് താങ്ങാൻ നിനക്ക് കഴിയില്ല. നീ നാട്ടിൽ തിരിച്ചെത്തിയാൽ ഒട്ടേറെ ആളുകളുമായി നേരിട്ട് വീട്ടിലേക്ക് വരും, ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് കരുതേണ്ട.
കേസ് കൊടുക്കുമെന്ന ഭീഷണിയിൽ തനിക്ക് ആശങ്കയില്ല. കോടതിയിൽ കാര്യങ്ങൾ എത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് എതിർകക്ഷി ചിന്തിക്കുന്നത് നന്നായിരിക്കും. എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നും, പ്രസ് മീറ്റ് നടത്തിക്കോളൂ എന്നും രാഹുൽ വെല്ലുവിളിച്ചു. എല്ലാം നഷ്ടപ്പെട്ട ഒരാളെ എന്ത് പറഞ്ഞാണ് പേടിപ്പിക്കുക എന്നും രാഹുൽ ഭീഷണിയുടെ സ്വരത്തിൽ ചോദിക്കുന്നുണ്ട്.