സ്വർണത്തിൽ വൻകുതിപ്പ്; പവൻ വില 1,240 രൂപ കൂടി, നെഞ്ചിടിപ്പോടെ ആഭരണപ്രേമികൾ

Monday 12 January 2026 10:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാ​റ്റമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ പവന് 103,000 രൂപയും ഗ്രാമിന് 12,875 രൂപയുമായിരുന്നു. ജനുവരി അഞ്ചോടെയാണ് പവൻ വില ഒരു ലക്ഷം കടന്നത്. അന്ന് പവന് 100,760 രൂപയും ഗ്രാമിന് 12,595 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെയാണ് സ്വർണവിലയിൽ വൻവർദ്ധനവുണ്ടായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (31.1ഗ്രാം) 4,509 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങികൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഗ്രീൻലാൻഡ് അധിനിവേശത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതും വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവർദ്ധനവാണുണ്ടായത്. ഗ്രാമിന് 287 രൂപയും കിലോഗ്രാമിന് 2,​87,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 275 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.