റബർ തോട്ടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; 21 വർഷത്തിന് ശേഷം കേസന്വേഷിക്കാൻ സിബിഐ
Monday 12 January 2026 10:42 AM IST
കൊച്ചി: 21 വർഷം മുൻപ് പെരിന്തൽമണ്ണയിലെ റബർ തോട്ടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. മരണത്തിന്റെ അന്വേഷണം ഏറ്റെടുത്തെന്ന് അറിയിച്ച് സിബിഐ എറണാകുളം കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ മരിച്ചയാളെയോ കൊലനടത്തിയ ആളെയോ കേരള പൊലീസിന് കണ്ടെത്താനായിരുന്നില്ല. പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പൊലീസ് സംശയ നിഴലിൽ നിർത്തിയ 79കാരൻ അബുവിന്റെ നിയമപോരാട്ടത്തിലാണ് സിബിഐ അന്വേഷണം വരുന്നത്. ഈ കേസിലെ പൊലീസ് അന്വേഷണത്തെ നേരത്തെ ഹെെക്കോടതി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചുവെന്നാണ് അന്ന് ഉയർന്ന ആരോപണം. കേസിലെ സാക്ഷി രവീന്ദ്രന്റെ ദുരൂഹ മരണവും സിബിഐ അന്വേഷിക്കും.