കണ്ണൂരിൽ പ്ളസ് ടു വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടി; ഗുരുതര പരിക്ക്

Monday 12 January 2026 11:28 AM IST

കണ്ണൂർ: പയ്യാവൂരിൽ വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ്ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.10ഓടെയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേയ്ക്ക് ചാടിയത്. പ്ളസ് ടു സയൻസ് സ്‌ട്രീം വിദ്യാർത്ഥിനിയാണ്. ഇന്ന് ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു സംഭവം. കുടുംബത്തിലെ ചില പ്രശ്നങ്ങൾ കുട്ടിയെ അലട്ടിയിരുന്നതായി വിവരമുണ്ട്. കുട്ടിയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താലടക്കം വിദ്യാർത്ഥിനി വിഷാദത്തിലായിരുന്നുവെന്നുമാണ് പൊലീസ് നൽകുന്ന വിവരം. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ളാസ് മുറിയിൽ നിന്നിറങ്ങിയതിനുശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിൽ കുട്ടി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.