തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ജയിലിലെത്തിയ കോൺഗ്രസുകാർക്ക് നിരാശ
ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിക്കാൻ കോൺഗ്രസ് പ്രവർത്തകൻ എത്തി. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ജയിലിൽ എത്തിയത്. എന്നാൽ തനിക്ക് ആരെയും കണേണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ഇതോടെ ഇയാൾ തിരികെ മടങ്ങി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് വിവരം. പത്തനംതിട്ട കോടതിയിൽ നിന്ന് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴുദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. 2019 മുതൽ കാനഡയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
പരാതിക്കാരി ലെെംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബെെൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതാ നടപടികൾ നീളുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടികൾ സങ്കീർണമാണെന്നും ഈ വിഷയത്തിൽ ലഭിക്കുന്ന നിയമോപദേശം നിർണായകമാകുമെന്നാണ് സൂചന. രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് ഇന്ന് സ്‌പീക്കർ എ എൻ ഷംസീർ വ്യക്തമാക്കിയിരുന്നു.