കാൻക്യൂർ ശ്രീരാഗം 17ന്, എം.ജി ശ്രീകുമാർ പാടും

Tuesday 13 January 2026 1:10 AM IST
കാൻക്യൂർ സാന്ത്വന കേന്ദ്രം

കൊച്ചി: കാൻക്യൂർ ഫൗണ്ടേഷന്റെ കീഴിലെ കാൻക്യൂർ സാന്ത്വന കേന്ദ്രം അഞ്ചുവർഷവും 15,000 സൗജന്യ ഡയാലിസിസും പൂർത്തിയാക്കിയത് ആഘോഷിക്കാൻ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീതസന്ധ്യ 17ന് വൈകിട്ട് ആറിന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ 'സാന്ത്വനം ശ്രീരാഗം" എന്ന പേരിൽ സംഘടിപ്പിക്കും. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബെച്ചു കുര്യൻ, ജയശങ്കർ നമ്പ്യാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ്, ഉമ തോമസ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജ് മോഹൻ നായർ അറിയിച്ചു.

2021ൽ വൈപ്പിനിലെ ഓച്ചന്തുരുത്തിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രം സൗജന്യ ഡയാലിസിസിലും അശരണർക്ക് സാന്ത്വന പരിചരണവും നൽകുന്നു. 16 മെഷീനുകളുള്ള കേന്ദ്രത്തിൽ പ്രതിദിനം 20 വരെ ഡയാലിസിസ് നടത്തുന്നു. അഞ്ചുവർഷമായി ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കേന്ദ്രം പ്രവർത്തിക്കുന്നതായി കാൻക്യൂർ പ്രസിഡന്റ് ഡോ. ജൂനൈദ് റഹ്മാൻ പറഞ്ഞു. 200ലധികം അശരണരായ രോഗികൾക്ക് പാലിയേറ്റീവ് കേന്ദ്രം ആശ്രയമായി. 40 കിടക്കകൾ കേന്ദ്രത്തിലുണ്ട്. 20,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ 25 ഡയാലിസിസ് മെഷീനുകളും 100 പാലിയേറ്റീവ് കിടക്കകളുമുണ്ടാകുമെന്ന് കാൻക്യൂർ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ അറിയിച്ചു.