അന്താരാഷ്ട്ര സ്‌കൂൾസ് ഡിബേറ്റിങ് ചാംപ്യൻഷിപ്പ്: ദാറുൽഹുദാ ടീം ചാംപ്യന്മാർ
തിരൂരങ്ങാടി: ഖത്തർ ഡിബേറ്റ്സിനു കീഴിൽ നടന്ന ഏഴാമത് അന്താരാഷ്ട്ര സ്‌കൂൾസ് ഡിബേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ സീനിയർ സെകന്ററി ഇൻസ്റ്റിറ്റ്യൂട്ട് ടീം ചാമ്പ്യന്മാരായി. മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുൽത്താൻ സൈനുൽ ആബിദീൻ സ്‌കൂളിനെയാണ് ദാറുൽഹുദാ ടീം പരാജയപ്പെടുത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ അറബേതര രാജ്യങ്ങളുടെ കാറ്റഗറിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് ദാറുൽഹുദാ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. ബ്രൂണെ, മലേഷ്യ, കാനഡ എന്നിവരാണ് അറബേതര കാറ്റഗറിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികളായി ഉണ്ടായിരുന്നത്. അബ്ദുൽ ഹയ്യ് മുടിക്കോട്, മുഹമ്മദ് റബീഹ് പാവണ്ണ, മുഹമ്മദ് ഹാഷിം പൊന്നാനി, മുബശ്ശിർ മുണ്ടമ്പ്ര, ദാറുൽഹുദാ മുനാളറ ക്ലബ് ചെയർമാനും ടീം കോച്ചുമായ അഫ്ലഹ് എന്നിവരാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ഓൺലൈനായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളിൽ പങ്കെടുത്ത ഇരുപതിലധികം ടീമുകളിൽ നിന്നാണ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി ദാറുൽഹുദാ അടക്കമുള്ള നാല് ടീമുകൾ തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുമാസം മുമ്പ് ഒമാനിൽ നടന്ന ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ടീം ജേതാക്കളായിരുന്നു. ഖത്തർ ഫൗണ്ടേഷനു കീഴിൽ നടക്കുന്ന ഡിബേറ്റ് ചാമ്പ്യൻഷിപ്പുകൾ, അക്കാദമിക സെമിനാറുകൾ എന്നിവയിൽ സജീവ സാന്നിധ്യമാണ് ദാറുൽഹുദാ. അറബിക് ഡിബേറ്റിനു ഇന്ത്യൻ കാമ്പസുകളിൽ പ്രചാരം നൽകുന്നതിലും ദാറുൽഹുദാ ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്. വാഴ്സിറ്റിയിലെ അറബിക് മുനാളറ ക്ലബിനു കീഴിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നത്.