ജില്ലയിലെ നെയ്ത്തുതൊഴിലാളികൾക്ക് കുടിശ്ശിക 57 ലക്ഷം

Tuesday 13 January 2026 12:55 AM IST

മലപ്പുറം: ജില്ലയിലെ നെയ്ത്തുതൊഴിലാളികൾക്ക് സർക്കാരിൽ നിന്നുള്ള കുടിശ്ശിക 57 ലക്ഷം രൂപ. പത്ത് മാസത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനമാണ് മുടങ്ങിക്കിടക്കുന്നത്. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. ഓണത്തിനാണ് അവസാനമായി മിനിമം വേതനം ലഭിച്ചത്. ഒരുവർഷമായി മുടങ്ങിക്കിടന്ന മിനിമം വേതനമാണ് ഓണത്തോടനുബന്ധിച്ച് നൽകിയത്. ഫണ്ടിന്റെ അപര്യാപ്ത കാരണമാണ് തുക നൽകാത്തതെന്നാണ് സർക്കാർ പറയുന്നതെന്ന് ഖാദി ബോർഡ് അധികൃതർ പറയുന്നു. ശമ്പളമില്ലാതായതോടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് മറ്റു മേഖലകൾ തേടി പോവുകയാണ് ഭൂരിഭാഗം പേരും. കൈത്തറി വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂൽ, കളറിംഗ് ചാർജ് ഉൾപ്പെടെ നല്ല തുക വരുമ്പോഴും ഇതിനനുസരിച്ച് വിൽപ്പന നടക്കാത്തത് മേഖലയെ പിന്നോട്ടടിക്കുകയാണ്. മാത്രമല്ല, വേതനം കുറവായതിനാൽ പുതിയ തലമുറയിലുള്ളവർ ഈ മേഖലയിലേക്ക് കടന്ന് വരുന്നതും വിരളമാണ്.

നെയ്ത തുണിയുടെയും നിർമ്മിച്ച നൂലിന്റെയും അളവ് അടിസ്ഥാനമാക്കിയാണ് വേതനം നിശ്ചയിക്കുന്നത്. ഓരോ തുണിത്തരങ്ങൾക്കും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകും. ഖാദി ബോർഡിൽ നിന്നും സർക്കാരിൽ നിന്നുമായാണ് ഇവർക്ക് വേതനം ലഭിക്കുന്നത്. ജോലിക്കനുസരിച്ച് ബോർഡിൽ നിന്ന് വേതനം ലഭിക്കും. സർക്കാരിൽ നിന്നും മിനിമം വേതനവും ലഭിക്കും. 80 ശതമാനത്തോളം സ്ത്രീ തൊഴിലാളികളാണ് മേഖലയിലെന്നും പലപ്പോഴും വേതനം കുടിശ്ശികയാവുന്നതിനാൽ പുരുഷന്മാർ ഈ മേഖലയിൽ കുറവാണെന്നും തൊഴിലാളികൾ പറയുന്നു. ജില്ലയിൽ നെടുവ, ആനമങ്ങാട്, പുൽപ്പറ്റ, കരിമ്പിൻതൊടി, പോരൂർ, മങ്കട, മേലാറ്റൂർ, ചെമ്പ്രശ്ശേരി എന്നിവിടങ്ങളിലാണ് നെയ്ത്ത് കേന്ദ്രങ്ങളുള്ളത്.2011 മുതലാണ് സംസ്ഥാന സർക്കാർ ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നൽകി തുടങ്ങിയത്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രൊജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.

ആളുകൾ ആധുനിക വസ്ത്രങ്ങളുടെ പിന്നാലെ പോയതോടെ കൈത്തറി വസ്ത്രങ്ങളോടുള്ള ആഭിമുഖ്യവും പലർക്കും കുറഞ്ഞിട്ടുണ്ട്. കൃത്യമായ വേതനം ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

നെയ്ത്തുതൊഴിലാളി

ആകെ കുടിശ്ശിക - 57 ലക്ഷം

ആകെ നെയ്ത്ത് തൊഴിലാളികൾ - 160