മൂവാറ്റുപുഴ: മാത്യുവിനെ വീഴ്‌ത്താൻ അരുണോ?
കൊച്ചി: മൂവാറ്റുപുഴയിൽ ഇത്തവണ എന്താകും...? കോൺഗ്രസ് - സി.പി.ഐ ഏറ്റുമുട്ടലിന് തന്നെയാണ് കളമൊരുക്കം. കേസുകളും വിവാദങ്ങളും ഏറെയുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സിറ്റിംഗ് എം.എൽ.എ മാത്യു കുഴൽനാടന് ജനപിന്തുണ ഏറിയെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
കഴിഞ്ഞ രണ്ടുവട്ടമായി കോൺഗ്രസിന് നഷ്ടപ്പെടുന്ന കോതമംഗലം പിടിക്കാൻ മാത്യുവിനെ രംഗത്തിറക്കിയാൽ മാത്രമേ പുതിയൊരു കോൺഗ്രസ് മുഖം മൂവാറ്റുപുഴയിൽ പോരിനിറങ്ങൂ. അത് പി.പി. എൽദോസ് ആയേക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.
സി.പി.ഐയിൽ നിന്ന് സി.പി.എം സീറ്റ് ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ട്. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണിന്റെ പേരാണ് സാദ്ധ്യതാ പട്ടികയിൽ ഒന്നാമത്. മുൻ എം.എൽ.എ എൽദോ എബ്രഹാമും പരിഗണനയിലുണ്ടാകും. 2016ൽ 70ലേറെ വോട്ടുകൾ നേടി 9,375 വോട്ടിന് ജോസഫ് വാഴയ്ക്കനെ എൽദോ മുട്ടുകുത്തിച്ചിരുന്നു. അതേ എൽദോ 2021ൽ മാത്യു കുഴൽനാടനോട് 6,961 വോട്ടിന് പരാജയപ്പെട്ടു. ഈ രണ്ടു പേരുകൾക്കപ്പുറത്ത് ഇടതു കേന്ദ്രങ്ങളിൽ മറ്റു ചർച്ചകളില്ല.
എൻ.ഡി.എ ആകട്ടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടുമില്ല.
15ൽ 10ഉം യു.ഡി.എഫ്
ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്ത് തവണയും മൂവാറ്റുപുഴ മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. 1957ലും 60ലും രാമമംഗലം എന്നായിരുന്നു മണ്ഡലപ്പേര്. ഈ രണ്ട് തവണയും കോൺഗ്രസിന്റെ കെ.എം. ജോർജ് വിജയിച്ച് തുടങ്ങിയ മണ്ഡലം മൂവാറ്റുപുഴയായപ്പോൾ 1967ൽ പി.വി. എബ്രഹാമിലൂടെ സി.പി.ഐ വിജയം കണ്ടെത്തി.
1970ൽ കേരളകോൺഗ്രസ് സീറ്റ് സംഘടനാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് കേരളകോൺഗ്രസുകാരിയായിരുന്ന പെണ്ണമ്മ ജേക്കബ് ഇടതു പിന്തുണയോടെ ഇവിടെ നിന്ന് വിജയിച്ചു കയറി. 1977ൽ പി.സി. ജോസഫും 80ലും 82ലും പി.വി. ജോസഫും യു.ഡി.എഫിനുവേണ്ടി മണ്ഡലം കാത്തു. 87ൽ എ.വി. ഐസക്ക് ഇടത് പിന്തുണയുള്ള സ്വതന്ത്രനായി ജയിച്ചു. 1991 മുതൽ ഹാട്രിക് വിജയങ്ങൾ നേടി ജോണി നെല്ലൂർ കരുത്തുകാട്ടി.
2006ൽ ബാബു പോളിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും അടുത്ത തവണ നിലനിർത്താനായില്ല. 2011ൽ ജോസഫ് വാഴയ്ക്കൻ വിജയിച്ചു. 2016ൽ എൽദോ എബ്രഹാമിലൂടെ വിജയിച്ചെങ്കിലും 2021ൽ എൽദോ മാത്യു കുഴൽനാടനോട് പരാജയപ്പെട്ടു.
2021ലെ തിരഞ്ഞെടുപ്പ് കണക്ക് (പാർട്ടി, സ്ഥാനാർത്ഥി, വോട്ട് എന്ന കണക്കിൽ)
2021
കോൺഗ്രസ്------- മാത്യു കുഴൽനാടൻ-----74,425 (വിജയി) സി.പി.ഐ--------എൽദോ എബ്രഹാം----- 68,264 ട്വന്റി- 20--------സി.എൻ. പ്രകാശ്------- 13,535 ബി.ജെ.പി-------ജിജി ജോസഫ്------- 7,527
ഭൂരിപക്ഷം------ 6,961
മൂവാറ്റുപുഴ നഗരസഭയും മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ പത്തും യു.ഡി.എഫിന്റെ പക്കലാണ്. ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ എന്നിവയാണിവ.
പോത്താനിക്കാട് മാത്രമാണ് എൽ.ഡി.എഫിനുള്ളത്