ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം കൂടും, ജീവനോടെയുണ്ടോ എന്നറിയാന്‍ സംവിധാനം; യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്നു
എന്തിനും ഏതിനും സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നതാണ് ലോകത്തിന്റെ പുതിയ ക്രമം. ഇപ്പോഴിതാ ഒരാള്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാനുള്ള സംവിധാനമാണ് ഹിറ്റായിക്കൊണ്ടിരിക്കുന്നത്. Are you dead ? എന്ന ആപ്ലിക്കേഷന്‍ ആണ് ചൈനയില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നത്. ഈ ആപ്പിന്റെ ഉപയോഗവും വളരെ ലളിതമാണ്. രണ്ട് ദിവസം കൂടുമ്പോള്‍ ഉപയോക്താവ് ലോഗിന്‍ ചെയ്യണം. ചെക്കിന്‍ ചെയ്തില്ലെങ്കില്‍ എമര്‍ജന്‍സി കോണ്‍ടാക്ടായി നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് ആപ്പ് ഉപയോക്താവ് അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് അറിയിക്കും.
2025 ആദ്യമാണ് ആപ്പ് പുറത്തിറക്കിയത്, എന്നാല്‍ ആദ്യമൊന്നും ആര്‍ക്കും വലിയ താത്പര്യമുണ്ടായിരുന്നില്ല. ചൈനയുടെ വിവിധ നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കള്‍ കൂട്ടത്തോടെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് കഥ മാറിയത്. ഇപ്പോള്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത പണം കൊടുത്ത് ഉപയോഗിക്കാവുന്ന ആപ്പായി ഇത് മാറിയിട്ടുണ്ട്. വീട്ടില്‍നിന്ന് മാറി താമസിക്കുന്ന വിദ്യാര്‍ത്ഥിയായാലും, ഏകാന്ത ജീവിതം തിരഞ്ഞെടുത്ത ഒരാളായാലും സുരക്ഷ ഉറപ്പാക്കുന്ന ഒരു കൂട്ടാളി എന്നാണ് ഈ ആപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കള്‍ക്ക് ഈ ആപ്പ് വളരെ വലിയ സഹായമാണെന്നാണ് ചൈനീസ് യുവാക്കള്‍ പറയുന്നത്. Are You Dead? ന്റെ സ്ഥാപകരെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ലെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ഓടെ ചൈനയില്‍ 200 മില്യണ്‍ (20 കോടി) വരെ ഒറ്റപ്പെട്ട മനുഷ്യര്‍ ഉണ്ടാകാം എന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ച് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആപ്പിന്റെ പേര് നെഗറ്റീവ് ആയിപ്പോയി എന്ന അഭിപ്രായവും യുവാക്കള്‍ പങ്കുവയ്ക്കുന്നു.