കേര പദ്ധതി: റബർ കർഷകർക്ക് പുനർനടീലിനു ധനസഹായം
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യ വെയ്ക്കുന്നത്. അമ്പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
നിലവിൽ 25 സെന്റ് മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് പദ്ധതിയിലുൾപ്പെടുത്തി ധനസഹായം നൽകുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളിൽ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നൽകും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്‌ഷ്യം. ആദ്യവർഷം അമ്പത്തയ്യായിരം, രണ്ടാം വർഷം ഇരുപതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള റബ്ബർ തൈകൾ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികൾക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും.
താല്പര്യമുള്ള കർഷകർക്കും നഴ്‌സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ (https://www.keraplantation.kerala.gov.in) വഴി നേരിട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കുന്നതാണ്. അർഹരായ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീൽഡ് ഓഫീസർമാർ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്.
തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോൺ നമ്പറുകളുമായോ ബന്ധപ്പെടണം.