രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ല, സത്യം തെളിഞ്ഞുവരട്ടെ'

Monday 12 January 2026 7:30 PM IST

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്നുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും അയാള്‍ക്കെതിരായ നിയമ നടപടിക്ക് പാര്‍ട്ടി എതിരല്ലെന്നും വടകര എംപി പ്രതികരിച്ചു. സത്യം തെളിഞ്ഞുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയിലെ ഫ്‌ളാറ്റിനെ സംബന്ധിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചും ഷാഫി നിലപാട് വ്യക്തമാക്കി.

വടകരയിലെ ഫ്‌ളാറ്റിനെ കുറിച്ച് താന്‍ പ്രതികരിക്കേണ്ടതില്ലെന്നും തന്റെ പേര് എവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലുമായി തനിക്ക് വ്യക്തിബന്ധമില്ലെന്നും രാഷ്ട്രീയപരമായാണ് സൗഹൃദമുണ്ടായതെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വേളയില്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്‌ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്‌ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് സിപിഎം നേതാവ് പി സരിന്‍ ഷാഫിക്കെതിരെ ഒളിയമ്പുമായി രംഗത്ത് വന്നിരുന്നു. രാഹുലിന് വടകരയില്‍ ഫ്‌ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിയാമോയെന്നും അറിയുന്ന വടകരക്കാര്‍ ഉണ്ടെങ്കില്‍ ഒന്ന് പറയണേ എന്നുമായിരുന്നു സരിന്റെ പോസ്റ്റ്. വടകര എംപി ഷാഫി പറമ്പിലിനോട് ചോദിച്ച ശേഷം പറഞ്ഞാല്‍ മതിയെന്നും സരിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.