അസാമിൽനിന്ന് 14കാരിയെ തട്ടികൊണ്ടുവന്ന കേസ്: മൂന്ന് പേർ ആലുവയിൽ കസ്റ്റഡിയിൽ
ആലുവ: അസാമിൽനിന്ന് 14കാരിലെ പ്രേമംനടിച്ച് തട്ടികൊണ്ടുവന്ന കാമുകനും യുവതിയും ഉൾപ്പെടെ മൂന്ന് പേർ ആലുവയിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്) പിടിയിലായി. അസാം നാഗോൺ റംഗാലു സ്വദേശികളായ പെൺകുട്ടിയുടെ കാമുകൻ സദ്ദാം ഹുസൈൻ, ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവരാണ് പിടിയിലായത്.
സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുവന്നത്. അസാം പൊലീസിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഡിബ്രുഗൽ - കന്യാകുമാരി എക്സ്‌പ്രസ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആലുവയിലെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. പ്രതികളെല്ലാം പ്രായപൂർത്തിയായവരാണ്. യുവതിക്കൊപ്പം ഇവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു. ആലുവ പൊലീസ് കേസെടുത്തിട്ടില്ല.
ഇന്ന് അസാം പൊലീസ് എത്തിയശേഷം കോടതി അനുമതിയോടെ പെൺകുട്ടിയെയും പ്രതികളെയും കൈമാറും. പ്രതികൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അസാം സദർ പൊലീസ് പോക്സോ കേസ്, തട്ടികൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റംചുമത്തി കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയെയും യുവതിയെയും കുഞ്ഞിനെയും സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. മറ്റ് രണ്ട് പ്രതികളും ആലുവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ പെരുമ്പാവൂർ ഭാഗത്ത് നേരത്തെ ജോലിചെയ്ത പരിചയമുള്ളതിനാലാണ് ഇങ്ങോട്ടേക്ക് വന്നത്.