കാമുകിയുമൊത്തുള്ള വിവാഹനിശ്ചയം സ്ഥിരീകരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം,​ ഒരുങ്ങുന്നത് വമ്പൻ കല്യാണം

Monday 12 January 2026 7:51 PM IST

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വീണ്ടും വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തും അയർലൻഡ് സ്വദേശിയുമായ സോഫി ഷൈനാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ധവാൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. 'പങ്കുവച്ച ചിരികൾ മുതൽ പങ്കിട്ട സ്വപ്നങ്ങൾ വരെ... ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും വേണം,' ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒപ്പം മോതിരം മാറിയ ചിത്രവും ധവാൻ പങ്കുവച്ചു. ഫെബ്രുവരിയിൽ ഡൽഹി വച്ചാകും വിവാഹച്ചടങ്ങ് നടക്കുകയെന്നാണ് വിവരം. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പ്രമുഖർ പങ്കെടുക്കുന്ന വമ്പൻ വിരുന്നായിരിക്കും ചടങ്ങെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ സോഫി ഷൈൻ . പ്രോഡക്ട് കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുള്ള സോഫി ധവാന്റെ ജീവകാരുണ്യ സംഘടനയായ 'ശിഖർ ധവാൻ ഫൗണ്ടേഷന്റെ' മേധാവി കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഫി, ഏറെ നാളായി ധവാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. പല ക്രിക്കറ്റ് മത്സരങ്ങളിലും ധവാനൊപ്പം സോഫിയെ കണ്ടിരുന്നെങ്കിലും 2025ലെ ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്.

മുൻ ഭാര്യ അയേഷാ മുഖർജിയുമായി വിവാഹ മോചനം നേടിയ ശേഷമായിരുന്നു ധവാൻ സോഫിയുമായി പ്രണയത്തിലായത്. 2012ലായിരുന്നു കിക്‌ ബോക്സറായ അയേഷയെ ധവാൻ വിവാഹം കഴിക്കുന്നത്. അയേഷയുമായുള്ള ബന്ധത്തിൽ 11വയസുള്ള ഒരു മകൻ താരത്തിനുണ്ട്. താരത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മുൻഭാര്യയുമായി ബന്ധം വേർപെടുത്തേണ്ടി വന്നിരുന്നതെന്ന് മുമ്പ് ധവാൻ ആരോപിച്ചിരുന്നു. 2023ലാണ് കോടതി വിവാഹമോചനം അനുവദിച്ചത്.