തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ പ്രതിദിന വേതനം വർദ്ധിപ്പിച്ചു. പത്ത് മടങ്ങുവരെയാണ് വർദ്ധന. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 620 ആയി ഉയർത്തി. നേരത്തെ ഇത് 152 രൂപയായിരുന്നു. സെമി സ്കിൽഡ് ജോലികളിൽ 560 രൂപയും അൺ സ്കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്കരിച്ച വേതനം. നേരത്തെ 63 രൂപയായിരുന്നു അൺസ്കിൽഡ് ജോലി ചെയ്യുന്നവർക്കുള്ള കൂലി. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.
ജയിലുകളിൽ കഴിയുന്ന ശിക്ഷാ തടവുകാർക്കാണ് ജോലിക്ക് കൂലി ലഭിക്കുന്നത്. നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനുകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം തടവുകാർക്കാണ് വേതനം വർദ്ധിക്കുക, 2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ആദ്യമായാണ് ഇത്രയും തുക വർദ്ധിപ്പിക്കുന്നത്. തടവുകാരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയിലുകളിൽ ജോലി ചെയ്യുന്നതിന് കൂലി ഏർപ്പെടുത്തി വരുന്നത്. തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വേതന വർദ്ധനവ്.