ദൈവമാണെന്ന് കരുതി നാല് വർഷം ആരാധിച്ചത് രാക്ഷസന്റെ വിഗ്രഹം, സത്യമറിഞ്ഞപ്പോൾ വീട്ടമ്മ ചെയ്തത്
മനില: ഭക്തിയുടെ കാര്യത്തിൽ മനസ് ശുദ്ധമായാൽ മതിയെന്ന് പറയാറുണ്ട്, എന്നാൽ ഫിലിപ്പീൻസിലെ ഒരു വീട്ടമ്മയുടെ കാര്യത്തിൽ സംഭവിച്ചത് കേട്ടാൽ ആരും ഒന്ന് ചിരിച്ചുപോകും. കഴിഞ്ഞ നാല് വർഷമായി താൻ ഭക്തിയോടെ ആരാധിച്ചിരുന്ന പച്ചനിറത്തിലുള്ള വിഗ്രഹം സാക്ഷാൽ ബുദ്ധന്റേതല്ല, മറിച്ച് ഹോളിവുഡ് അനിമേഷൻ സിനിമയിലെ 'ഷ്രെക്' എന്ന കാർട്ടൂൺ കഥാപാത്രത്തിന്റേതാണെന്ന് അവർ തിരിച്ചറിഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.
നാല് വർഷം മുമ്പ് ഒരു ഫാൻസി സ്റ്റോറിൽ നിന്നാണ് വീട്ടമ്മ ഈ പച്ച വിഗ്രഹം വാങ്ങിയത്. വിഗ്രഹത്തിന്റെ രൂപഭംഗിയും മുഖത്തെ ശാന്തതയും കണ്ട് ബുദ്ധനാണെന്ന് വീട്ടമ്മ വിശ്വസിക്കുകയായിരുന്നു. വീട്ടിലെ പൂജാമുറിയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് മുന്നിൽ ദിവസവും വിളക്ക് തെളിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
കുടുംബത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടിയായിരുന്നു ഈ പ്രാർത്ഥനകളെല്ലാം. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഒരു സുഹൃത്താണ് പൂജാമുറിയിലെ ബുദ്ധനെ കണ്ട് അമ്പരന്നത്. അത് ബുദ്ധനല്ലെന്നും ലോകപ്രശസ്തമായ ഷ്രെക് എന്ന സിനിമയിലെ രാക്ഷസ കഥാപാത്രത്തിന്റെ ത്രീഡി മോഡലാണെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടി. സത്യം തിരിച്ചറിഞ്ഞ വീട്ടമ്മ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, നാണിക്കുന്നതിന് പകരം സ്വന്തം അബദ്ധം ഓർത്ത് പൊട്ടിച്ചിരിക്കുകയായിരുന്നു.
സംഭവം വൈറലായതോടെ രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. 'ഇതിൽ ചിരിക്കാനുള്ള വകയുണ്ട്. അവർക്ക് പ്രാർത്ഥനയുടെ ഫലം ലഭിച്ചിട്ടുണ്ടാകും, പക്ഷേ എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല', ഒരാൾ കമന്റ്കുറിച്ചു. 'ഭക്തി ഉള്ളിൽ നിന്നാണ് വരേണ്ടത്. അവർ ആരാധിച്ചത്ആകാർട്ടൂൺകഥാപാത്രത്തെആണെങ്കിലും അവരുടെ വിശ്വാസം ശുദ്ധമായിരുന്നു. അതല്ലേ പ്രധാനം?',മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'ചിലപ്പോഴൊക്കെ കാർട്ടൂൺ സിനിമകളും കാണണം എന്നതിന്റെ പാഠമാണിത്'. എന്നായിരുന്നു മറ്റൊരു കമന്റ്. മനസിൽ ബുദ്ധനുണ്ടെങ്കിൽ ആരാധിക്കുന്നത് എന്തിനെയായാലും അതിൽ ബുദ്ധനെ കാണാൻ കഴിയുമെന്നും ചിലർ സംഭവത്തെ ഗൗരവമായി വിലയിരുത്തി.