അങ്കമാലി നഗരസഭാ സ്ഥിരം സമിതികളിൽ സ്വതന്ത്രർക്ക് ആധിപത്യം

Tuesday 13 January 2026 12:48 AM IST

അങ്കമാലി: നഗരസഭയിൽ സ്ഥിരംസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെ നിഷ്പ്രഭമാക്കി കളം പിടിച്ച് സ്വതന്ത്രർ. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം എന്നീ കമ്മിറ്റികൾ സ്വതന്ത്രർ നയിക്കും. ഇതോടെ നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആധിപത്യവും സ്വതന്ത്രർക്കായി. 12 അംഗങ്ങളുള്ള കോൺഗ്രസിന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം മാത്രമാണ് ലഭിച്ചത്. 13 അംഗങ്ങളുള്ള എൽ.ഡി.എഫിന് വിദ്യാഭ്യാസ,​ കലാ-കായിക കാര്യ സ്ഥിരംസമിതി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനായി കോൺഗ്രസ് അംഗം ബാസ്റ്റിൻ ഡി. പാറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസ, കലാ-കായികകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായി സി.പി.എം അംഗം വിനീത ദിലീപ് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രരായി വിജയിച്ച വിത്സൺ മുണ്ടാടൻ (ധനം), ബിനി കൃഷ്ണൻകുട്ടി (വികസനം), വർഗീസ് വെമ്പിളിയത്ത് (ക്ഷേമം), ലക്‌സി ജോയി (ആരോഗ്യം) എന്നിവരാണ് മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ.