മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
പാലക്കാട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റീസ് എ കരളിനെ ബാധിക്കുന്ന രോഗമാണ്. ഹെപ്പറ്റൈറ്റീസ് എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. മഞ്ഞനിറത്തിലുളള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ലക്ഷണങ്ങൾ നോക്കി ലാബ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധിക്കാം
1. രോഗം സ്ഥിരീകരിച്ചയാൾ/രോഗലക്ഷണങ്ങൾ ഉളളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗം പൂർണമായും മാറുംവരെ രണ്ടാഴ്ച വിശ്രമിക്കേണ്ടതാണ്. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കണം. 2. രോഗബാധിതരായവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക ,ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക. 3. രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണി എന്നിവ മറ്റുളളവർ ഉപയോഗിക്കാതിരിക്കുക. 4. ഛർദ്ധി ഉണ്ടെങ്കിൽ ശൗചാലയത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുക. 5. മഞ്ഞപ്പിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കാതിരിക്കുക.
7. കുട്ടികളുടെ മലം ശൗചാലയത്തിൽ മാത്രം സംസ്കരിക്കുക. 8. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
9. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകി അണുവിമുക്തമാക്കുക. 10. ഭക്ഷണ പദാർത്ഥങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക. 11. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കാരുത്. 12. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.