പുലിപ്പേടി ഒഴിയാതെ മലമ്പുഴ
മലമ്പുഴ: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയ മലമ്പുഴ നിവാസികളെ വീണ്ടും ഭീതിയിലാഴ്ത്തി പുലിയുടെ സാന്നിദ്ധ്യം. എസ്.എൻ നഗർ വടുകമ്പാടത്ത് മാനുവലിന്റെ വീടിന് മുൻപിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഉറക്കത്തിലായിരുന്ന മാനുവലും ഭാര്യ വത്സമ്മയും നായയുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം എ.സി ലെയ്നിലും മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലും കാഞ്ഞിരംകടവിലും പുലിയെ കണ്ടിരുന്നതിനാൽ പുലി തന്നെയാണെന്ന നിഗമനത്തിലാണ് ഇവർ. പുലിയെ കണ്ടില്ലെങ്കിലും നായയുടെ ചെവി മുറിഞ്ഞതായി കണ്ടതോടെ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നാണ് ഗേറ്റിന് അടുത്തേക്ക് പുലിയെത്തുന്നതും നാല് സെക്കൻഡു കൊണ്ട് തിരിച്ചുപോകുന്നതും കണ്ടത്. തുടർന്ന് രാവിലെ വനംവകുപ്പിൽ വിവരം അറിയിച്ചതോടെ അധികൃതരെത്തി സി.സി.ടി.വി പരിശോധിച്ച് വന്നത് പുലി തന്നെയാണെന്ന് ഉറപ്പു വരുത്തി. പുലിയെ പിടിക്കുന്നതിനായി പെട്ടെന്ന് കൂട് സ്ഥാപിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംഭവദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് അയൽവാസി ഓട്ടോറിക്ഷ ഡ്രൈവർ പുലിയെത്തിയത് അറിയാതെ ഓട്ടോയെടുത്ത് ടൗണിലേക്ക് പോയതെന്ന് വത്സമ്മ പറഞ്ഞു. 45 വർഷമായി കുടുംബം സ്ഥലത്ത് സ്ഥിരതാമസമാണ്. നാലുവർഷം മുൻപ് പലതവണ ആനയെത്തി കൃഷി നശിപ്പിച്ചതോടെയാണ് വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത്. അകത്തേത്തറ ചെക്കിനിപ്പാടം മൈത്രി നഗറിൽ കഴിഞ്ഞ തിങ്കളാഴ്ച പുലിയെത്തിയിരുന്നു. രാമചന്ദ്രന്റെ വീട്ടുവളപ്പിൽ നായയെ പുലി ആക്രമിക്കുന്നതാണ് നാട്ടുകാർ കണ്ടത്. മേഖലയിൽ പുലിശല്യം വർദ്ധിച്ചതോടെ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് നിർദേശം നൽകി. പ്രദേശത്ത് പുലിയെത്തുന്നത് പതിവായതോടെ അത്യാവശ്യ കാര്യങ്ങൾക്കു പോലും രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടു മാസക്കാലമായി മലമ്പുഴ അകത്തേത്തറ മേഖലകളിൽ പുലിയെത്തുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.