വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നു
ഡിസംബറിൽ നാണയപ്പെരുപ്പം 1.33 ശതമാനം
കൊച്ചി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഡിസംബറിൽ മൂന്ന് മാസത്തെ ഉയർന്ന തലമായ 1.33 ശതമാനത്തിലെത്തി. മുൻമാസത്തേക്കാൾ നേരിയ വർദ്ധനയുണ്ടെങ്കിലും വിലക്കയറ്റത്തോത് ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന സുരക്ഷിത പരിധിക്ക് താഴെയാണ്. നവംബറിൽ നാണയപ്പെരുപ്പം 0.7 ശതമാനമായിരുന്നു. 2026ലെ ഇന്ത്യയുടെ ശരാശരി നാണയപ്പെരുപ്പം പന്ത്രണ്ട് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 2.2 ശതമാനത്തിലാണ്.
അവലോകന കാലയളവിൽ പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്‌ജനങ്ങൾ, പഞ്ചസാര എന്നിവയുടെ വില ഉയർന്നു. പേഴ്‌സണൽ കെയർ ഉത്പന്നങ്ങളുടെ വില 28.7 ശതമാനവും മത്സ്യ, മാംസങ്ങളുടെ വില 5.12 ശതമാനവും വർദ്ധിച്ചു. അതേസമയം പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വിലയിടിവ് തുടരുകയാണ്. ഭക്ഷ്യ വില ഗ്രാമങ്ങളിൽ 3.08 ശതമാനവും നഗരങ്ങളിൽ 2.09 ശതമാനവും കുറഞ്ഞു.
ജനുവരി മുതൽ അടിസ്ഥാന വർഷം മാറും
2012 അടിസ്ഥാന വർഷമായി നാണയപ്പെരുപ്പം കണക്കിലെടുക്കുന്ന അവസാന മാസമാണ് ഡിസംബർ. ജനുവരി മുതൽ കണക്കെടുപ്പിന്റെ അടിസ്ഥാന വർഷം 2024ലേക്ക് മാറും. ഭക്ഷ്യ ഇതര സാധനങ്ങൾക്ക് അധിക വെയ്‌റ്റേജ് നൽകിയും കൂടുതൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുമാണ് ജനുവരി മുതൽ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നത്. നേരത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റമാണ് നാണയപ്പെരുപ്പത്തിൽ പ്രധാനമായും പ്രതിഫലിച്ചിരുന്നത്. അതിനാൽ പുതിയ സീരിസിൽ സൂചികയ്ക്ക് കൃത്യതയേറുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
ഇത്തവണയും കേരളം നമ്പർ വൺ
രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമെന്ന സ്ഥാനം കേരളം ഇത്തവണയും നിലനിറുത്തി. വിലക്കയറ്റത്തോത് നവംബറിലെ 8.27 ശതമാനത്തിൽ നിന്നും 9.49 ശതമാനത്തിലെത്തി. കർണാടക 2.99 ശതമാനവുമായി രണ്ടാമതും ആന്ധ്രപ്രദേശ് 2.71 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. വിലക്കയറ്റത്തോത് ഏറ്റവും കുറവ് ബീഹാറിലാണ്. ഇവിടെ നാണയപ്പെരുപ്പം 1.37 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.
വിലക്കയറ്റം രൂക്ഷമായ സംസ്ഥാനങ്ങൾ
കേരളം 9.49 ശതമാനം
കർണാടക 2.99 ശതമാനം
ആന്ധ്ര പ്രദേശ് 2.71 ശതമാനം
വിലയിടിവുള്ള സംസ്ഥാനങ്ങൾ
ബീഹാർ, അസം, ഒഡിഷ