'ടച്ചിംഗി'ന്റെ പേരിൽ തണൽ മരത്തിന്റെ തലവെട്ടി
തിരുവല്ല: ടച്ചിംഗ് വെട്ടിന്റെ മറവിൽ സ്കൂളിന് മുന്നിൽ യാത്രക്കാർക്കും നാട്ടുകാർക്കും തണലൊരുക്കിയ ബദാംമരം മുറിച്ചുനീക്കിയ കെ.എസ്.ഇ.ബി അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയരുന്നു. തോട്ടഭാഗം - കവിയൂർ റോഡിൽ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ തണൽമരമാണ് മുക്കാലും മുറിച്ചുനീക്കിയത്.
കനത്തചൂടിൽ യാത്രക്കാർക്ക് തണലേകാൻ കാൽനൂറ്റാണ്ട് മുമ്പ് നാട്ടുകാർ നട്ടുവളർത്തിയ ബദാം മരമാണ് നിലംപൊത്തിയത്. ഈ മരച്ചുവട്ടിലാണ് സ്കൂൾ കുട്ടികളും യാത്രിക്കാരും ബസ് കാത്തുനിന്നിരുന്നത്. ഓട്ടോറിക്ഷ സ്റ്റാൻഡും ഇവിടെയായിരുന്നു. ശിഖരങ്ങളും താഴ്ത്തടിയുമെല്ലാം യന്ത്രവാളിനാൽ ഞൊടിയിടയിലാണ് കെ.എസ്.ഇ.ബി അധികൃതർ മുറിച്ചു താഴെയിട്ടത്.
ഭീഷണിയായ മരക്കൊമ്പുകൾ മാത്രം മുറിച്ചാൽ മതിയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി അധികൃതർ ചെവിക്കൊണ്ടില്ല. മരം ചുവടെ വെട്ടി നശിപ്പിച്ചെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്തെ മറ്റു പല മരങ്ങളും ഇതേരീതിയിൽ വെട്ടിനശിപ്പിച്ചെന്നും പരാതിയുണ്ട്. മുറിച്ചുനീക്കിയ മരങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാത്തത് യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്.
സാധാരണ മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ട ടച്ചിംഗ് വെട്ടാണ് കടുത്ത വേനൽ വരാനിരിക്കെ കെ.എസ്.ഇ.ബി അധികൃതർ ചെയ്യുന്നത്.
നാട്ടുകാർ