ദമ്പതികളുടെ മരണം: പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുംബം
സുൽത്താൻബത്തേരി: ഭർത്താവ് ഇസ്രയേലിൽ മരിച്ചതിന് പിന്നാലെ ഭാര്യ നാട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ബ്ലേഡ് മാഫിയയ്ക്ക് പങ്കെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. പഴുപ്പത്തൂർ സ്വദേശി പെലക്കുത്ത് ജിനേഷ് സുകുമാരൻ കഴിഞ്ഞ ജൂലായ് നാലിനാണ് ഇസ്രയേലിൽ മരിച്ചത്. ഡിസംബർ 30നാണ് ഭാര്യ രേഷ്മ വീട്ടിൽ ആത്മഹത്യ ചെയ്തത്.
പണം നൽകിയവരുടെ ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലുമാണ് മകൾ രേഷ്മ ജീവനൊടുക്കാൻ കാരണമെന്ന് മാതാവ് ഷൈലജ സുൽത്താൻ ബത്തേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതിയുടെ പകർപ്പ് കൈമാറി.
ബ്ലേഡ് മാഫിയയെപ്പറ്റി ജീനീഷും, ജിനീഷിന്റെ മരണശേഷം രേഷ്മയും പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഷൈലജ പറയുന്നു.
മെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന ജിനേഷ് കൊവിഡ‌് കാലത്ത് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായതിനെ തുടർന്ന് പഴുപ്പത്തൂർ, ചുള്ളിയോട് സ്വദേശികളായ രണ്ടുപേരിൽ നിന്ന് അഞ്ചുശതമാനം പലിശയ്ക്ക് 20 ലക്ഷം രൂപ വാങ്ങിയിരുന്നു. നാല് ബ്ലാങ്ക് ചെക്ക് ലീഫുകളും സ്റ്റാമ്പ് പേപ്പറുകളുമടക്കം സെക്യൂരിറ്റിയായി നൽകി. തുടർന്ന് 14,76,961 രൂപ ഇവർ നിർദ്ദേശിച്ച ചുള്ളിയോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു. ബാക്കി തുകയും പലിശയും ചേർത്ത് പലതവണയായി മടക്കി നൽകി.
എന്നാൽ, ചുള്ളിയോട് സ്വദേശി പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് 20 ലക്ഷം രൂപയുടെ ചെക്ക് ലീഫ് ഉപയോഗിച്ച് എറണാകുളത്തും പഴുപ്പുത്തൂർ സ്വദേശി മറ്റൊരു ചെക്ക് ഉപയോഗിച്ച് 20 ലക്ഷത്തിന് ബത്തേരി കോടതിയിലും കേസ് ഫയൽചെയ്തു. ജിനേഷിന്റെ പേരിൽ കോളിയാടിയിലുണ്ടായിരുന്ന വീട് അന്യായം ഫയൽചെയ്ത് അറ്റാച്ച് ചെയ്തു. രേഷ്മയുടെയും പത്തുവയസുള്ള മകളുടെയും ആകെ ആശ്രയമായ വീട് നഷ്ടമായതിന്റെ മാനസിക വിഷമത്തിലും സംഘത്തിന്റെ ദുഷ്ടലാക്കോടെയുള്ള ഇടപെടലും ഭീഷണിയും മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറഞ്ഞു.
അന്വേഷണം തുടരുന്നു
രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആരോപണവിധേയനായ ഒരാൾ സ്ഥലത്തില്ല. മറ്റൊരാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും വ്യക്തമാക്കി.