മകരവിളക്ക് ഉത്സവം: സന്നിധാനത്ത് കനത്ത സുരക്ഷ

Tuesday 13 January 2026 12:02 AM IST

ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിക്കുക. നിലവിൽ 11 ഡിവൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 സേനാംഗങ്ങളുണ്ട്. അധികമായി അഞ്ഞൂറോളം പൊലീസുകാർ ഇന്നെത്തും.

സുഗമമായ മകരജ്യോതി ദർനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും ക്രമീകരണങ്ങൾ ഒരുക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെർച്വൽക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 5000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും രാവിലെ 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും.

പാണ്ടിത്താവളം, ശരംകുത്തി, യൂടേൺ എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകളിൽ നിന്ന് മകരജ്യോതി ദർശിക്കണം. വനമേഖലയോട് ചേർന്നുള്ള പല വ്യൂപോയിന്റുകളിലും ഭക്തർ വിരിവയ്ക്കാറുണ്ട്. ഈ പ്രദേശങ്ങളിൽ പാചകം നടത്തരുത്. ഹിൽടോപ്പിൽ അപകടം ഉണ്ടാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം. മകരജ്യോതി ദർശന ശേഷം പമ്പയിലേക്ക് തിരിച്ച് മടങ്ങാൻ തിരക്ക് കൂട്ടരുത്.

മലയിറങ്ങാൻ 3 റൂട്ടുകൾ

 പാണ്ടിത്താവളത്ത് നിന്ന് ദർശൻ കോംപ്ലക്‌സിന് പിന്നിലൂടെ, നടപ്പന്തലിന് പിൻഭാഗം വഴി കൊപ്രാക്കളം, ട്രാക്ടർ റോഡിലൂടെ, കെ.എസ്.ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് പ്രധാന റൂട്ട്

 പാണ്ടിത്താവളം ജംഗ്ഷനിൽ നിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി പൊലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലെത്താം

 നടപ്പന്തലിന്റെ മദ്ധ്യഭാഗം വഴി കെ.എസ്.ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് മൂന്നാമത്തേത്

സുഗമമായ മകരജ്യോതി ദർശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പൊലീസ് ഏർപ്പെടുത്തിയ മാർഗനിർദ്ദേശങ്ങൾ ഭക്തർ പാലിക്കണം. സോപാനത്തിലും തിരുമുറ്റത്തും തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു. സന്നിധാനത്തെ തിരക്ക് ഒഴിവാക്കാൻ ഭക്തരെ വ്യൂപോയിന്റുകളിലേക്ക് മാറ്റും.

എസ്.സുജിത് ദാസ്, സ്പെഷ്യൽ പൊലീസ് ഓഫീസർ, സന്നിധാനം