ആഢ്യൻപാറയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  വാച്ച് ടവർ തുരുമ്പെടുത്ത് നശിക്കുന്നു

Tuesday 13 January 2026 12:41 AM IST

ആഢ്യൻ പാറയിൽലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വാച്ച് ടവർ തുരുമ്പെടുത്ത് നശിച്ച നിലയിൽ

നിലമ്പൂർ :ചാലിയാർ 12 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വാച്ച് ടവർ തുരുമ്പെടുത്ത് നിലം പൊത്താറായി. 2015

സെപ്തംബർ 3നാണ് കെ.എസ്.ഇ.ബിയുടെ 3.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയും ഹൈഡൽ ടൂറിസവും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജ്യത്തിന് സമർപ്പിച്ചത്. ഹൈഡൽ ടൂറിസത്തിന്റെ വാച്ച് ടവർ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ഉപയോഗിക്കാതെ 11 വർഷത്തിലേറെയായി നാശോന്മുഖമായി കിടക്കുന്ന അവസ്ഥയാണ്. ചാലിയാർ പഞ്ചായത്തിൽ മൂന്നര കോടിയോളം ചെലവഴിച്ച ആഢ്യൻ പാറ ഹൈഡൽ ടൂറിസം പദ്ധതി ആവിയായി എന്നു വേണമെങ്കിൽ പറയാം. ഡാമിലേക്കുള്ള റോഡുകളും, റസ്റ്റ് ഹൗസും, ചിൽഡ്രൻസ് പാർക്കും ഉപയോഗ ശൂന്യമായിട്ട് നാളുകളേറെയായി. നാല് നിലകളാൽ നിർമ്മിച്ച വാച്ച് ടവറിന്റെ മുകളിലേക്ക് കയറിയാൽ കാടിന്റെ ഭംഗിയും പന്തീരായിരം വനമേഖലയിലൂടെ വിഹരിക്കുന്ന മൃഗങ്ങളെയും വിവിധയിനം പക്ഷികളെയും കാണാം. ആഢ്യൻപാറ ജല വൈദ്യുതി പദ്ധതിയുടെ ഡാമും പവർ ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കവും കാണാം. 2015ലാണ് ഇവിടെ പവര്‍‌സ്റ്റേഷൻ യാഥാർത്ഥ്യമായത്. ഒരുവർഷത്തിനുശേഷം ഹൈഡൽ ടൂറിസം ഭാഗികമായി തുറന്നുപ്രവർത്തിച്ചു. അക്കാലത്ത് ഡാമിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുവാൻ ട്രക്കിംഗ് വാഹനം ഉണ്ടായിരുന്നു. 30 രൂപയായിരുന്നു ഇതിനുള്ള ചാർജ്. അധികം വൈകാതെ അത് നിർത്തലാക്കി. 2019 സെപ്തംബറിൽ ഹൈഡൽ ടൂറിസം വകുപ്പ് ഏറ്റെടുത്തു നടത്തി. 2018-19 വർഷങ്ങളിലെ പ്രളയം വലിയ തിരിച്ചടിയായി. രണ്ടുതവണ ഡാമിനുള്ളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായി പവർഹൗസിനുള്ളിലേക്കും വെള്ളം കയറി. ഡാമിലേക്കുള്ള റോഡ് ഒരുകിലോമീറ്ററോളം തകർന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഒരാളും തിരിഞ്ഞുനോക്കുന്നില്ല.

ഒരുകിലോമീറ്ററോളം വഴി ചെറിയ വാഹനങ്ങൾ കൂടി കടന്നുപോകാൻ കഴിയാത്ത വിധമാണ് ഇപ്പോഴുള്ളത്. വഴിവക്കത്ത് നിർമ്മിച്ചിരിക്കുന്ന റസ്റ്റ് റൂം ശോചനീയാവസ്ഥയിലാണ്. പുഴയിൽ കുളിക്കാനിറങ്ങുന്നവർ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. ചിൽഡ്രൻസ് പാർക്കിലെ ഉപകരണങ്ങളും ഉപയോഗിക്കാതെ കാലാഹരണപ്പെട്ട നിലയിലാണ്. സെക്യൂരിറ്റികളുടെ കുറവും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ഒരു വിനോദ സഞ്ചാരിയെയും ഈ പ്രദേശത്തേക്ക് ജീവനക്കാർ കടത്തിവിടുന്നില്ല. വാച്ച് ടവറിനു എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ബന്ധപ്പെട്ട അധികാരികൾക്ക് അറ്റകുറ്റപ്പണികൾക്കായി താത്പര്യവുമില്ലെന്ന് മുൻ വാർഡ് മെമ്പർ തോണിയിൽ സുരേഷ് പറഞ്ഞു.