തൊഴിലുറപ്പ് പദ്ധതി ഭേദഗതി; കോൺഗ്രസ് സമരത്തിലേക്ക്

Tuesday 13 January 2026 12:43 AM IST

മലപ്പുറം: ലോകത്തിന് തന്നെ മാതൃകയായ ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോൺഗ്രസ് ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽ കുമാർ എം.എൽ.എ മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് ദേശീയതലത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും കോൺഗ്രസിന്റെ സമരപരിപാടികൾ നടന്നു. രണ്ടാം ഘട്ടമായി ഇന്നുമുതൽ രണ്ട് ദിവസം രാജഭവന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കുന്ന രാപ്പകൽ സമരം സംഘടിപ്പിക്കും. മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കും. ഇത്തരത്തിൽ ഘട്ടം ഘട്ടമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കെ.പി.സി.സി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.