കഴിഞ്ഞ വർഷം: വഴിയിൽ കത്തിയത് 31 വാഹനങ്ങൾ

Tuesday 13 January 2026 12:00 AM IST

പത്തനംതിട്ട: റോഡുവക്കിലും വീട്ടുമുറ്റത്തും എന്തിനേറെ ഓടിക്കൊണ്ടിരിക്കുമ്പോഴും കത്തിയമരുന്ന വാഹനങ്ങളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം 31 വാഹനങ്ങളാണ് ഇത്തരത്തിൽ കത്തിനശിച്ചത്. നഗരത്തിൽ മാസങ്ങൾക്ക് മുമ്പ് ഇരുചക്ര വാഹനത്തിന് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം.

കൃത്യമായ ഇടപെടൽ നടത്തിയതിനാലാണ് അന്ന് വലിയൊരപകടം ഒഴിവായത്. ജില്ലയിൽ പത്തനംതിട്ട മേഖലയിലാണ് കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11 വാഹനങ്ങളാണ് കത്തിനശിച്ചത്. തിരക്കേറിയ നഗരത്തിലുണ്ടാകുന്ന തീപിടിത്തം മറ്റ് വാഹനങ്ങളിലേയ്ക്ക് പടർന്ന് വലിയ ദുരന്തത്തിനും കാരണമായേക്കാം.

പലപ്പോഴും കൃത്യമായി പരിപാലനം ഇല്ലാത്ത വാഹനങ്ങളാണ് തീപിടിച്ച് നശിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് മറ്റൊരു കാരണം. അനാവശ്യ മോടിപിടിപ്പിക്കലും വാഹനങ്ങളുടെ വയറിംഗിലെ കാലപ്പഴക്കവും അപകടങ്ങൾക്ക് കാരണമാകും.

പരിപാലനം പാളിയാൽ പണിയാവും

 വെയിലത്ത് കിടക്കുന്ന വാഹനത്തിലുണ്ടാകുന്ന ഉയർന്ന താപത്തിൽ ഒരു സ്പാർക്ക് ഉണ്ടായാൽ തീ പടർത്തും

 യൂസ്ഡ് കാറുകളുടെ ഗുണമേന്മയില്ലായ്മ

 കൂളിംഗ് സിസ്റ്റം ശരിയല്ലെങ്കിൽ എൻജിൻ ഓവർ ഹീറ്റാകും

 എൽ.പി.ജി വാഹനങ്ങളിലെ ഇന്ധന ചോർച്ചയും അശ്രദ്ധമായ പരിപാലനവും

 പെട്രോൾ, ഡീസൽ, സിഗരറ്റ് ലൈറ്റർ, എയർ പ്യൂരിഫയർ, സാനിറ്റൈസർ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുത്

 എൻജിൻ അമിതമായി ചൂടാകുന്നുണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കണം

 കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തണം

 ബോണറ്റിൽ നിന്ന് പുക ഉയർന്നാലുടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങണം

2025ൽ തീപിടിച്ച വാഹനങ്ങൾ പത്തനംതിട്ട-11 സീതത്തോട്-2 അടൂർ-5 കോന്നി-3 റാന്നി-4 തിരുവല്ല-6

വാഹനങ്ങളിലെ വൈദ്യുതി ഉപകരണങ്ങളുടെ ശേഷിക്ക് അനുസൃതമായ വയറിംഗുകളാണ് നിർമ്മാണ വേളയിലുള്ളത്. ഫാൻസി ലൈറ്റുകളും ഹൈ വോൾട്ടേജ് സ്പീക്കറുകളും ഘടിപ്പിക്കുന്നതോടെ അമിത ലോഡ് വയറുകൾക്ക് താങ്ങാനാകില്ല. അംഗീകൃത പാർട്‌സുകൾ ഉപയോഗിക്കണം.

വി. വിനോദ് കുമാർ

സ്റ്രേഷൻ ഓഫീസർ, ഫയർഫോഴ്സ്, പത്തനംതിട്ട