ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നു: അടവിയും കോന്നിയും അണിഞ്ഞൊരുങ്ങും
കോന്നി: സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ കോന്നിയിലും അടവിയിലും ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ഡി.എഫ്.ഒ ആയുഷ് കുമാർ കോറി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.
കലഞ്ഞൂരിലെ ടൂറിസം സാദ്ധ്യതകളും പ്രയോജനപ്പെടുത്തും. പദ്ധതി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. അടവിയിൽ കുട്ടവഞ്ചി സവാരിയാണ് പ്രധാന ആകർഷണം. എന്നാൽ ഇവിടെത്തുന്ന സഞ്ചാരികളിൽ 75 ശതമാനം മാത്രമാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. 25 ശതമാനം സഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് മടങ്ങുകയാണ് പതിവ്. ഇതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടും. ഇതിന് മാറ്റമുണ്ടാക്കി പ്രകൃതിയുടെ നയനമനോഹാരിത പൂർണമായും സഞ്ചാരികൾക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമിടുന്നത്.
1. അടവി
സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2. കോന്നി
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാർക്ക് നവീകരിക്കാനുള്ള പരിശോധനയാണ് നടത്തിയത്
കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചും ടൂറിസം കേന്ദ്രം ആകർഷകമാക്കിയും കോന്നിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യം
3. കലഞ്ഞൂർ
വാഴപ്പാറ നഗരവാടിക പദ്ധതി പ്രദേശത്ത് ടൂറിസം പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്
വൈകുന്നേരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴിയുന്ന കേന്ദ്രമായി നഗർവാടിക പദ്ധതി പ്രദേശത്തെ മാറ്റും
മൂന്ന് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ടൂറിസം വികസനം അടിയന്തരമായി ഏറ്റെടുത്ത് നടപ്പാക്കും.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ