റോഡരികില്‍ അഞ്ചടി നീളമുള്ള കൂറ്റന്‍ അണലി; സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച
തിരുവനന്തപുരം: പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടം കൂടിയ ഇനമാണ് റസല്‍സ് വൈപ്പര്‍ വിഭാഗത്തിലുള്ള അണലികള്‍. ഇവയെ നമ്മുടെ നാട്ടില്‍ വളരെ കൂടുതലായി കാണാനും സാധിക്കും. മറ്റ് പാമ്പുകളെ അപേക്ഷിച്ച് ആക്രമണ സ്വഭാവം കൂടുതലുള്ളതും കൊടും വിഷമുള്ളതുമായ പാമ്പുകളാണ് അണലികള്‍. 360 ഡിഗ്രിയില്‍ തിരിഞ്ഞും ഉയര്‍ന്ന് ചാടിയും വരെ പ്രതിയോഗിയെ ആക്രമിക്കാനുള്ള കഴിവാണ് ഇവയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിന് സമീപം പടുകൂറ്റന്‍ ഒരു അണലിയെയാണ് റോഡരികില്‍ നാട്ടുകാര്‍ കണ്ടത്.
റോഡിനോട് ചേര്‍ന്നുള്ള മതിലിന് കീഴിലായിട്ടായിരുന്നു കൂറ്റന്‍ അണലിയുടെ കിടപ്പ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂവറായ രാജേഷ് തിരുവാമന സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പാമ്പ് ചത്തുപോയിരുന്നു. പൂച്ചയുടെ ആക്രമണത്തിലാകാം പാമ്പ് ചത്തത് എന്ന സംശയമാണ് റെസ്‌ക്യൂവര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ അല്‍പ്പം മുമ്പ് പോലും പാമ്പിന് അനക്കമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ റെസ്‌ക്യൂവറോട് പറഞ്ഞത്.
അണലിയുടെ നല്ലൊരു കടിയേറ്റാല്‍ മനുഷ്യ ശരീരത്തിലെ കിഡ്‌നിക്ക് വരെ തകരാറ് സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. മറ്റ് വിഷപ്പാമ്പുകളെ അപേക്ഷിച്ച് കൂര്‍ത്ത വിഷപ്പല്ലുകളാണ് അണലിക്ക്. അതുകൊണ്ട് തന്നെ അവയുടെ കടിയേറ്റാല്‍ മുറിവ് ആഴത്തിലുള്ളതാകും. മാത്രവുമല്ല മുറിവേറ്റ ഭാഗം കൊളുത്തി വലിച്ചത് പോലെയാകും കാണപ്പെടുക. അണലിയുടെ വിഷം ഹ്യൂമോടോക്‌സിനായതിനാല്‍ തന്നെ ഇത് മനുഷ്യശരീരത്തിലെ രക്തയോട്ടത്തെ ഉള്‍പ്പെടെ ബാധിക്കും.