പ്രവാസി പ്രൊഫഷണലുകളെ ആകർഷിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ

Tuesday 13 January 2026 12:24 AM IST

തിരുവനന്തപുരം:കേരളത്തിലേക്ക് ഭാവിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസി പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സാദ്ധ്യമാക്കാൻ പ്രത്യേക കമ്പനിയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം). ഐ.ടി,ഐ.ടി ഇതര പ്രൊഫണലുകളെ ലക്ഷ്യമിട്ടാണ് 'തിരികെ ' എന്ന കാമ്പെയിൻ സജീവമാക്കുന്നത്.

ഡിജിറ്റൽ സർവേയിലൂടെ വിവരശേഖരണം നടത്തിയാണ് പ്രൊഫഷണലുകളുടെ ഡാറ്റാബേസ് തയാറാക്കുക. ഇതിനായുള്ള 'തിരികെ' വെബ്‌സൈറ്റ് ഹഡിൽ ഗ്ലോബൽ 2025 വേദിയിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തിരുന്നു.കമ്പനികൾക്കും സംരംഭകർക്കും പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാൻ കഴിയും.തൊഴിലവസരങ്ങളെക്കുറിച്ച് പ്രൊഫഷണലുകൾക്കും ഇതിലൂടെ വിവരം ലഭിക്കും.പുതിയ കാലത്തെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് നൂതനപദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണ് കെ. എസ്.യു.എം ചെയ്യുന്നതെന്ന് സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

ബഹുരാഷ്ട്ര കമ്പനികൾക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലൂടെ (ജി.സി.സി ) വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.നാൽപതിൽപ്പരം പ്രമുഖ കമ്പനികൾ കേരളത്തിൽ ജിസിസികൾ സ്ഥാപിച്ചിട്ടുണ്ട്.നിരവധി ആഗോള കമ്പനികൾ ജിസിസി സെന്ററുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.തിരികെയെത്തുന്ന പ്രൊഫഷണലുകൾക്ക് ജിസിസികൾ വഴിയുള്ള തൊഴിലവസരത്തിനും സാദ്ധ്യതയേറെയാണ്. 2030 ആകുമ്പോഴേക്കും ജിസിസികൾ ഇന്ത്യയിൽ 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് ഫസ്റ്റ് മെറിഡിയൻ ബിസിനസ് സർവീസസ് റിപ്പോർട്ടിൽ പറയുന്നത്. 2026 ൽ മാത്രം 1.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.രജിസ്‌ട്രേഷന്: https://thirike.startupmission.in/