സ്റ്റാഫ് നഴ്സ് റാങ്ക്ലി‌സ്റ്റ് നിലനിൽക്കെ 110 പേർക്ക് കരാർ നിയമനം

Tuesday 13 January 2026 12:25 AM IST

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കേ, കരാർ നിയമനം തുടരുന്നതായി പരാതി.

സപ്ലിമെന്ററി അടക്കം 3600 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നും 1440 പേർക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ അയച്ചത്. നിരവധി എൻ.ജെ.ഡി ഉണ്ടായതോടെ നിയമനം 30 ശതമാനം പോലും എത്തിയില്ല. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരാറടിസ്ഥാനത്തിൽ 110 സ്റ്റാഫ് നഴ്സുമാരുടെ നിയമനം നടത്താനുള്ള തീരുമാനം റാങ്ക് ലിസ്റ്റിലുള്ളവരെ വീണ്ടും പ്രതിസന്ധിയിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിൽ 42 ,കോഴിക്കോട് മെഡിക്കൽ കോളേജിൽ 68 സ്റ്റാഫ് നഴ്സുമാരെയാണ് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ഉത്തരവിറങ്ങിയത്. ഇതനുസരിച്ചുള്ള നടപടി ക്രമങ്ങൾ നടക്കുകയാണെന്നാണ് വിവരം.

കോഴിക്കോട്, ആലപ്പുഴ, എറണാകുളം,പത്തനംതിട്ട,മഞ്ചേരി മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്‌സുമാരുടെ പുതിയ തസ്തിക സൃഷ്ടിക്കാനായി 2024ൽ നൽകിയ പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല. റാങ്ക് ലിസ്റ്റിൽ ശേഷിക്കുന്നവർക്ക് നിയമനം ലഭിക്കാൻ പുറംകരാർ ഒഴിവാക്കുകയോ പുതിയ തസ്തിക സൃഷ്ടിക്കുകയോ വേണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.