മിനിസ്റ്റേഴ്സ് മെഗാക്വിസ് പ്രാരംഭഘട്ടം പൂർത്തിയായി

Tuesday 13 January 2026 12:32 AM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി.രാവിലെ 11 ന് ആരംഭിച്ച വിവിധ സ്‌കൂളുകളിൽ നിന്നും

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

എന്റെ കേരളം പ്രത്യേക പതിപ്പിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ചരിത്രവും വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഏറെയും.www.cmmegaquiz.kerala.gov.in മുഖേന സ്‌കൂൾ, കോളേജ് നോഡൽ ഓഫീസർമാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്താണ് മത്സരം നടത്തിയത്.

സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടന്നത്.സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും.സ്‌കൂൾതല മത്സരങ്ങളുടെ വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.കോളേജ്തല ഫൈനൽ മത്സര വിജയികൾക്ക് യഥാക്രമം മൂന്ന് ലക്ഷം,​രണ്ട് ലക്ഷം,​ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും.മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരത്തോടെ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന് സമാപനമാകും.