വയനാട്ടിൽ കടുക്കും പോരാട്ടം

Tuesday 13 January 2026 12:00 AM IST

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി 'ലക്ഷ്യ 2026' നേതൃക്യാമ്പിൽ യു.ഡി.എഫിന് നൂറ് സീറ്രാണ് ലക്ഷ്യമിടുന്നത്. ഇതിൽ വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളും ഉൾപ്പെടും. കോൺഗ്രസിന് വളക്കൂറുള്ള വയനാടൻ മണ്ണിൽ മൂന്നിടത്തും ഉറച്ച വിജയപ്രതീക്ഷയോടെ കരുക്കൾ നീക്കുകയാണ് യു.ഡി.എഫ്. നിലവിൽ കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ കോൺഗ്രസ് എം.എൽ.എമാരാണ്.

എന്നാൽ, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും എൽ.ഡി.എഫ് വിജയിച്ച ചരിത്രമുണ്ട്. കൽപ്പറ്റയിൽ നിന്ന് എം.വി.ശ്രേയാംസ്‌കുമാർ,സുൽത്താൻ ബത്തേരിയിൽ നിന്ന് പി.കൃഷ്ണപ്രസാദ്,മാനന്തവാടിയിൽ നിന്ന് കെ.സി.കുഞ്ഞിരാമൻ. അന്നത്തേതിന് സമാനമായി മൂന്നിടത്തും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. ബി.ജെ.പിയുടെ സംസ്ഥാനത്തെ 30 എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് സുൽത്താൻബത്തേരി. അതിനാൽ കരുത്തനായ സ്ഥാനാർത്ഥിയെ നിറുത്തി ബി.ജെ.പിയും ആഞ്ഞുപിടിക്കും.

കൽപ്പറ്റയിൽ യു.ഡി.എഫിൽ നിന്ന് സിറ്റിംഗ് എം.എൽ.എ ടി.സിദ്ദിഖ് വീണ്ടും മത്സരിക്കും. എൽ.ഡി.എഫിൽ നിലവിൽ രാഷ്ട്രീയ ജനതാദളിനാണ് സീറ്റ്. എം.വി.ശ്രേയാംസ് കുമാർ മത്സരിച്ചില്ലെങ്കിൽ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, പി.ഗഗാറിൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. സീറ്റ് രാഷ്ട്രീയ ജനതാദളിന് തന്നെയെങ്കിൽ പി.കെ.അനിൽകുമാർ,ജുനൈദ് കൈപ്പാണി എന്നിവരുടെ പേരുകൾ കേൾക്കുന്നു.

സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എ ഐ.സി.ബാലകൃഷ്ണനെ തന്നെയാണ് കോൺഗ്രസ് വീണ്ടും ആലോചിക്കുന്നത്. എന്നാൽ, കോഴ വിവാദത്തെ തുടർന്നുണ്ടായ ആത്മഹത്യകളും മറ്റും തിരിച്ചടിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. എൽ.ഡി.എഫിൽ എം.എസ്.വിശ്വനാഥൻ,ടി.കെ.രമേശ് എന്നിവരുടെ പേരുകൾ ഉയരുന്നു. എൻ.ഡി.എയിൽ നിന്ന് കഴിഞ്ഞ തവണ മത്സരിച്ചത് സി.കെ. ജാനുവാണ്. ജാനു ഇപ്പോൾ യു.ഡി.എഫിലാണ്.

മാനന്തവാടിയിൽ യു.ഡി.എഫിൽ നിന്ന് മുൻമന്ത്രി പി.കെ. ജയലക്ഷ്മിക്കാണ് സാദ്ധ്യത. മന്ത്രി ഒ.ആർ.കേളുവിനെ വീണ്ടുമിറക്കി സീറ്റ് നിലനിറുത്തുക എന്ന തന്ത്രമായിരിക്കും സി.പി.എം പയറ്റുക. കേളുവിനെ മാറ്റിയാൽ സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയിലും ഇല്ലാതില്ല.

2021 ലെ നിയമസഭാ തിര.ഫലം

മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം

മാനന്തവാടി: ഒ.ആർ.കേളു, എൽ.ഡി.എഫ്, 9,282

സുൽത്താൻ ബത്തേരി: ഐ.സി.ബാലകൃഷ്ണൻ, യു.ഡി.എഫ്, 11,822

കൽപ്പറ്റ: ടി.സിദ്ദിഖ്, യു.ഡി.എഫ്, 5,470