ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ തിരുവനന്തപുരത്ത്? സാദ്ധ്യതകള്‍ ഇങ്ങനെ

Monday 12 January 2026 10:56 PM IST

ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെയെന്ന് സുരക്ഷാ വിലയിരുത്തലിന് ശേഷം ഐ.സി.സി

തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിന് ഒരു ഭീഷണിയും തടവുമില്ലെന്ന് സുരക്ഷാ വിലയിരുത്തലിന് ശേഷംഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി)? അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്കെത്തുന്ന ബംഗ്ലാദേശ് ടീമിന്റെ സുരക്ഷാ ആശങ്കകള്‍ ശരവച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബി.സി.ബി)? ഒരു കത്തും അയച്ചിട്ടില്ലെന്നും ഐ.സി.സിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മുസ്തഫിസുര്‍ റഹ്‌മാന്‍ ടീമിലുണ്ടെങ്കില്‍ സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുമെന്നും ബംഗ്ലാദേശ് ആരാധകര്‍ ടീം ജേഴ്സി ധരിച്ച് പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നത് അപകടമാണെന്നും ബംഗ്ലാദേശില്‍ ഇലക്ഷന്‍ സമയമായതിനാല്‍ സ്ഥിതി വഷളാകുമെന്നും ഐ.സി.സി സുരക്ഷാ അധികൃതര്‍ കത്തില്‍ അറിയിച്ചെന്ന് ബംഗ്ലാദേശ് സ്‌പോര്‍ട്‌സ് അഡൈ്വസര്‍ ആസിഫ് നസ്രുള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെ ഒരുകത്തയച്ചിട്ടില്ലെന്നും ഒരു താരത്തേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഐ.സി.സി വ്യക്തമാക്കി.ബംഗ്ലാദേശിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ള കൊല്‍ക്കത്തയിലും മുംബയ്യില്‍ പരിശോധനയില്‍ ഒരു സുരക്ഷാഭീഷണിയും ഇല്ലെന്നാണ് കണ്ടെത്തിയതെന്നും ഐ.സി.സി വൃത്തങ്ങള്‍ പറയുന്നു.

ഇതിനിടെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്കായി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണിക്കുന്നതായും ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നു. കൊല്‍ക്കത്തയ്ക്കും മുംബയ്ക്കും പകരം തിരുവനന്തപുരത്തും ചെന്നൈയിലുമായി മത്സരം നടത്താമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ഐ.സി.സി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദേവ്ജിത്ത് സൈകിയ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ റിലീസ് ചെയ്തതിന് പിന്നലെയാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.സി.ബി രംഗത്തെത്തിയത്.