കിടപ്പു രോഗികൾക്ക് സാന്ത്വനമിത്രയുണ്ട്
പത്തനംതിട്ട : കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന കുടുംബശ്രീ മിഷന്റെ സാന്ത്വനമിത്ര പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ തുടക്കം. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും വിജ്ഞാന കേരളം പദ്ധതിയുടേയും സഹകരണത്തോടെയാണ് പദ്ധതി. ആരോഗ്യ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് സേവനം. സേവനതൽപരരായ കുടുംബശ്രീ അംഗങ്ങൾക്ക് സി.ഡി.എസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രോഗീ പരിചരണത്തിന് പരിശീലനം നൽകും.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയാണ് അംഗങ്ങളുടെ നിയമനം. പത്തനംതിട്ടയിൽ ആദ്യഘട്ടത്തിൽ അൻപത് പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഈ വർഷം അഞ്ഞൂറ് അംഗങ്ങൾക്ക് പരിശീലനം നൽകും. കിടപ്പുരോഗികളെ പരിചരിക്കാനായി സ്വകാര്യ ഹോം നഴ്സിംഗ് ഏജൻസികളെയാണ് ഇപ്പോൾ ആളുകൾ ആശ്രയിക്കുന്നത്. ഇവരുടെ കുറവും പരിശീലനത്തിന്റെ അഭാവവും ബുദ്ധിമുട്ടാകുന്നുണ്ട്. സാന്ത്വനമിത്ര ഇത് പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
♦ 24 മണിക്കൂറും സേവനം
♦ പത്തനംതിട്ട ജില്ലയിലെ കിടപ്പുരോഗികൾ 9260
സർക്കാർ മേഖലയിൽ തദ്ദേശ സ്വയംഭരണവകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിൽ പാലിയേറ്റീവ് നടത്തുന്നുണ്ടെങ്കിലും പൂർണസമയ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന് മാറ്റംവരുത്താനാണ് സാന്ത്വനമിത്ര പദ്ധതി
ഷിജു എം. സാംസൺ
സാന്ത്വനമിത്ര പദ്ധതി
പത്തനംതിട്ട പ്രോഗ്രാം മാനേജർ