രാഹുൽ പരാതിക്കാരിക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: മൂന്നാമത്തെ പീഡനക്കേസിലെ പരാതിക്കാരിക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചു കൊടുക്കുമെന്നും പേടിപ്പിക്കാൻ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നുമാണ് സന്ദേശം. കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ താൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നുണ്ട്.
താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരു മാസം
മുമ്പായിരുന്നെങ്കിൽ താൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കാനൊന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നലാണ്. ഇനി ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനമുണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, നീ താങ്ങില്ല.നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും.. ഭീഷണി വേണ്ട. എനിക്കൊന്നും നഷ്ടപ്പെടാനില്ല. ഈ കേസ് കോർട്ടിൽ വരുന്നതിൽ പ്രത്യേകിച്ചൊന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നന്നായി ജീവിക്കണെ. എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ പേടിപ്പിക്കുന്നോയെന്നും.,പ്രസ് മീറ്റ് നടത്തൂവെന്നും രാഹുൽ വെല്ലുവിളിക്കുന്നു.
പ്രതിക്ക് രക്ഷപ്പെടാൻ
വഴിയെന്ന് സെൻ കുമാർ
ഇ-മെയിൽ പരാതിയിൽ കേസെടുത്തതും വൈദ്യപരിശോധന നടത്താത്തതും
പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇ-മെയിൽ പരാതി ലഭിച്ചാൽ മൂന്ന് ദിവസത്തിനകം പരാതിക്കാരി നേരിട്ടെത്തി ഒപ്പിടേണ്ടതുണ്ട്. ഒപ്പിട്ടു നൽകാതെ എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തതത്. നിയമവിരുദ്ധമായാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, അതിജീവിതയെ 24 മണിക്കൂറിനകം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം. അല്ലാതെ, പരാതി വിശ്വാസയോഗ്യമാണെന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? അത് നിയമപരമായി നിലനിൽക്കില്ല.മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനങ്ങൾ ക്രിമിനൽ നടപടിക്രമങ്ങൾക്ക് പകരമാവില്ലെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവല്ല : പീഡനക്കേസിൽ ജയിലിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഇന്ന് രാവിലെ 11ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുലിനെ ഇന്ന് ഹാജരാകാനുള്ള വാറണ്ട് പുറപ്പെടുവിച്ച കോടതി, ജാമ്യാപേക്ഷ പരിഗണിച്ചില്ല. കേസ് ഫയൽ വരാൻ വൈകിയതിനാൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മജിസ്ട്രേട്ട് അരുന്ധതി ദിലീപ് കേസ് പരിഗണിച്ചത്. പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആർ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം വാദം കേൾക്കാമെന്ന് കോടതി പറഞ്ഞു.രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള എസ്.ഐ.ടി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.