പറക്കും ഫിലിപ്സിനെ കണ്ട് അമ്പരന്ന് ഇന്ത്യൻ ടീം; കൊഹ്‌‌ലിയുടെ ഗതി വരാതെ ഗിൽ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

Monday 12 January 2026 11:06 PM IST

വഡോദര: വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായി വിസ്മയിപ്പിക്കുകയാണ് കിവീസ് താരം ഗ്ലെൻ ഫിലിപ്സ്. വഡോദരയിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കാൻ ഫിലിപ്സ് നടത്തിയ അവിശ്വസനീയമായ ക്യാച്ചിംഗ് ശ്രമമാണ് ചർച്ചയാകുന്നത്. പന്ത് കൈയിൽ നിന്നും വഴുതി ഗില്ലിന്റെ വിക്കറ്റ് ലഭിച്ചില്ലെങ്കിലും, ഫിലിപ്സിന്റെ മിന്നൽ വേഗത കണ്ട് ഗിൽ പോലും അമ്പരന്നു.

കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഇന്ത്യ. ബാക്ക്‌വേർഡ് പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫിലിപ്സ്, ഗില്ലിന്റെ ഷോട്ട് അസാദ്ധ്യമായ രീതിയിൽ ഒറ്റക്കൈ കൊണ്ട് പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട മുൻ കിവീസ് താരം ഇയാൻ സ്മിത്ത് കമന്ററിയിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലെ വിരാട് കൊഹ്‌‌ലിയുടെ പുറത്താകലിനെക്കുറിച്ചാണ് ഓർമ്മിപ്പിച്ചത്.

അന്ന് ഇതുപോലെ പറക്കും ക്യാച്ചിലൂടെ കൊഹ്‌‌ലിയെ ഫിലിപ്സ് പുറത്താക്കിയപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന ഭാവമായിരുന്നു വിരാടിന് മുഖത്ത് വന്നത്. അതേ ഭാവം തന്നെയാണ് ഇപ്പോൾ ഗില്ലിന്റെ മുഖത്തും മിന്നിയതെന്ന് സ്മിത്ത് പറഞ്ഞു. അപ്പുറത്ത് നിന്നിരുന്ന രോഹിത് ശർമ്മയും ആ പഴയ പുറത്താകൽ കൃത്യമായി ഓർക്കുന്നുണ്ടായിരുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

ക്യാച്ച് കൈവിട്ടത് ഭാഗ്യമായ ഗില്ലിന് 71 പന്തിൽ 56 റൺസെടുത്ത് മികച്ച പ്രകടനമാണ് വഡോദരയിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞത്. എന്നാൽ കളിയിലെ താരം വീണ്ടും ഫോമിലേക്കുയർന്ന കൊഹ്‌‌ലി തന്നെയായിരുന്നു. 93 റൺസ് നേടിയാണ് അദ്ദേഹം ഇന്ത്യയുടെ വിജയശില്പിയായത്. ഏകദിനത്തിലെ കൊഹ്‌‌ലിയുടെ 77-ാം അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. രണ്ടാം വിക്കറ്റിൽ ഗില്ലും കൊഹ്‌‌ലിയും ചേർന്ന് 118 റൺസാണ് കൂട്ടിച്ചേർത്തത്.

ശ്രേയസ് അയ്യർ (49) മികച്ച പിന്തുണ നൽകിയപ്പോൾ, അവസാന നിമിഷം ഹർഷിത് റാണയുടെ (29) വെടിക്കെട്ടും കെഎൽ രാഹുലിന്റെ ഫിനിഷിംഗുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കൂറ്റൻ സിക്സറടിച്ചാണ് രാഹുൽ വിജയം പൂർത്തിയാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്.