വിവാഹത്തിന് തൊട്ടുമുമ്പ് നവവരന് ദാരുണാന്ത്യം
ശ്രീകാര്യം(തിരുവനന്തപുരം): പ്രണയ വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ കെ.എസ്.ആർ.ടി.സി. ബസിടിച്ചു മരിച്ചു. ചെമ്പഴന്തി അയ്യങ്കാളിനഗർ രോഹിണിയിൽ രാജൻ ആശാരിയുടെയും ശ്രീലതയുടെയും മകൻ രാകേഷാണ്(28)മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറക്കു സമീപം മാങ്കുഴി ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാട്ടായിക്കോണം വാഴവിള സ്വദേശിനിയുമായുള്ള വിവാഹം ഇന്നലെ ക്ഷേത്രത്തിൽ നടക്കാനിരിക്കെയായിരുന്നു. ബന്ധു വീട്ടിൽ നിന്നു ചന്തവിളയിലെ വാടക വീട്ടിലേക്ക് പോകവെ രാകേഷിന്റെ ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കുട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലാണ് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ശ്രീകാര്യം പൊലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാരപുരത്തെ നയന ഇൻഫോടെക്കിലെ കാമറാ ടെക്നീഷ്യനാണ്. സഹോദരി:രാഖി സംസ്കാരം ഇന്ന് രാവിലെ.