പുലമൺ പാലത്തിൽ തഴച്ച് വളർന്ന് ആൽമരങ്ങൾ

Tuesday 13 January 2026 12:44 AM IST

കൊട്ടാരക്കര പുലമൺ പാലത്തിൽ ആൽമരങ്ങൾ വളരുന്നു

കൊട്ടാരക്കര: കൊല്ലം- തിരുമംഗലം ദേശീയ പാതയിലെ കൊട്ടാരക്കര പുലമൺ പാലത്തിൽ ആൽമരങ്ങൾ വളരുന്നു. പാലത്തിന്റെ നിലനിൽപ്പിന് ദോഷമാകുന്ന തരത്തിൽ ആൽമരങ്ങൾ വേരിറങ്ങി വളരുമ്പോഴും വെട്ടിമാറ്റാൻ പോലും നടപടിയില്ല. രണ്ടാൾ പൊക്കത്തിൽ ആൽമരം വളർന്നിട്ടുണ്ട്. ചിലത് മുകളിൽ നിന്നും അടിത്തട്ടിലേക്ക് വേരിറങ്ങിയിട്ടുമുണ്ട്. തൊട്ടടുത്തുകൂടി വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനും കടന്നുപോകുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച പാലത്തിന്റെ നിലനിൽപ്പിന് തന്നെ ദോഷകരമാംവിധം ആൽമരങ്ങൾ വളർന്നിട്ടും അധികൃതർ ഗൗരവത്തിലെടുക്കുന്നില്ല.

പാലത്തിന് അറ്റകുറ്റപ്പണികളില്ല

ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ കവലയോട് ചേരുന്നതാണ് പാലം.

വലിയ വാഹനങ്ങൾ ഉൾപ്പടെ എപ്പോഴും വാഹനത്തിരക്കുള്ള പാലത്തിന് ശരിയായ അറ്റകുറ്റപ്പണികൾ നടത്താൻപോലും അധികൃതർ തയ്യാറാകാത്തത് വലിയ വിപത്തുകളെ ക്ഷണിച്ചുവരുത്തും.

ദേശീയ പാതയുടെ ഭാഗമാണെങ്കിലും പുലമൺ പാലത്തിന് 7 മീറ്റർ വീതിമാത്രമാണുള്ളത്. പാലത്തിന്റെ നവീകരണത്തിനായി നേരത്തെ കേന്ദ്ര ഉപരിതല ജലഗതാഗത മന്ത്രാലയം ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ആ പദ്ധതി മുടങ്ങി. കൊട്ടാരക്കരയിൽ പുതിയ ബൈപ്പാസ് റോഡിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആ നിലയിൽ ബൈപ്പാസ് യാഥാർത്ഥ്യമാകുമ്പോഴേക്കും പുലമൺ പാലം തകർച്ചയിലാകുമോയെന്ന ആശങ്കയുമുണ്ട്. വേണ്ടുന്ന സംരക്ഷണമൊരുക്കാൻ അധികൃതർ തയ്യാറായാകണമെന്നാണ് പൊതു അഭിപ്രായം.